കോവിഡ് വ്യാപന കാലയളവിൽ മുഖ്യമന്ത്രി നോർക്ക മുഖേന ആവശ്യപ്പെട്ടതനുസരിച്ചാണ് കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) കേരളത്തിന് ആശ്വാസകരമാകുന്ന പദ്ധതി ഏറ്റെടുത്തത്. ഓക്‌സിജൻ പ്ലാന്റ് ഉൾപ്പെടെ പ്രവാസി സംഘടനകൾക്ക് ഏറ്റെടുക്കാവുന്ന പല പദ്ധതികളും നോർക്ക മുന്നോട്ട് വെച്ചിരുന്നു. കോവിഡ് പോലെയുള്ള രോഗങ്ങളാൽ ജീവവായു ലഭിക്കാതെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഏറെ അനിവാര്യമായതെന്ന് മനസ്സിലാക്കിയാണ് നിർദ്ദേശങ്ങളിൽ ഏറ്റവും ചെലവ് വരുന്ന പദ്ധതി തന്നെ ഏറ്റെടുക്കാൻ ഐ.സി.എഫ് തയ്യാറായത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായിവരുന്ന രണ്ടാമത്തെ പ്ലാന്റ് ഒരു മാസത്തിനകം സമർപ്പിക്കാനാകും.

ആരോഗ്യ വകുപ്പിന്റെയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ (കെ.എം.എസ്.സി.എൽ) യും അനുമതിയോടെ കഴിഞ്ഞ വർഷം ജൂലൈയിലാണ് പദ്ധതികൾ ഏറ്റെടുത്തത്. ഒന്നരക്കോടി രൂപയാണ് രണ്ട് പ്ലാന്റുകൾക്കുമായി ഇതിനികം ചെലവായത്. 200 എൽ.പി.എം. ഉൽപ്പാദന ശേഷിയുള്ള പ്ലാന്റാണ് മലപ്പുറത്തു സ്ഥാപിച്ചത് (ചെലവ് 45,97,554 രൂപ).

സോഷ്യൽ മീഡിയ സങ്കേതങ്ങളും മറ്റും ഉപയോഗിച്ച് പ്രവാസികൾക്കിടയിൽ നടത്തിയ ജനകീയ വിഭവ സമാഹരണത്തിലൂടെയാണ് പ്ലാന്റുകൾക്കുള്ള തുക കണ്ടെത്തിയത്.
പ്രാണ വായുവിന് വേണ്ടിയുള്ള ഈ പദ്ധതിക്ക് ജാതി മത ഭേദമന്യേ സമൂഹത്തിന്റെ നാനാ തുറകളിലും നിന്നുമുള്ള ജനങ്ങളുടെ അഭൂതപൂർവ്വമായ പിന്തുണയാണ് ലഭിച്ചത്.

താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സേവനം ചെയ്യുന്നതിന് പരിശീലനം നേടിയ SYS ന്റെ 200 സാന്ത്വനം വളണ്ടിയർമാരുടെ സമർപ്പണവും നാളത്തെ പരിപാടിയിൽ നടക്കും.

കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പ്‌ളാന്റിന്റെ ഉല്ഘാടനവും കേരള മുസ് ലിം ജമാഅത്ത് പ്രസി. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സ്വിച്ചു ഓൺ കർമ്മവും നിർവ്വഹിക്കും.

സമർപ്പണത്തോടനുബന്ധിച്ച് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ പി. ഉബൈദുല്ല എംഎ‍ൽഎ അധ്യക്ഷത വഹിക്കും.സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി വളണ്ടിയർ സമർപ്പണം നടത്തും. മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന നേതാക്കളായ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സി.പി. സൈദലവി മാസ്റ്റർ, മജീദ് കക്കാട്, മുസ്തഫ കോഡൂർ, എസ്.വൈ.എസ് സംസ്ഥാന ഫിനാ. സെക്രട്ടറി മുഹമ്മദ് പറവൂർ, ഐ.സി.എഫ് നേതാക്കളായ സയ്യിദ് ഹബീബ് കോയ തങ്ങൾ, അബ്ദുൽ അസീസ് സഖാഫി മമ്പാട്, അബ്ദുൽ കരീം ഹാജി മേമുണ്ട, അബ്ദുൽ ഹമീദ് ചാവക്കാട്, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ്, ഡി.സി.സി. പ്രസിഡന്റ് വി എസ് ജോയ്, മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സിദ്ദീഖ് നൂറേങ്ങൽ, വാർഡ് കൗൺസിലർ സുരേഷ്, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മുജീബ് വടക്കെ മണ്ണ ചടങ്ങിൽ സംബന്ധിക്കും.