കാലിഫോർണിയ; ലോകപ്രശസ്ത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്റർ വാങ്ങാനുള്ള പദ്ധതിയിൽ നിന്നും പിന്മാറിയതിനെ തുടർന്ന് കമ്പനി നൽകിയ കേസിൽ നിയമയുദ്ധം തുടരുന്നതിനിടെ പുതിയ സോഷ്യൽ മീഡിയ വെബ്സൈറ്റിന്റെ സൂചന നൽകി ശതകോടീശ്വര വ്യവസായി ഇലോൺ മസ്‌ക്. ട്വിറ്ററിന് എതിരാളിയായി സ്വന്തം സോഷ്യൽ മീഡിയ സൈറ്റ് അവതരിപ്പിക്കുന്നതിന്റെ സൂചനയാണ് ഇലോൺ മസ്‌ക് നൽകിയിരിക്കുന്നത്.

ഫോളോവർമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മസ്‌ക്. ട്വിറ്റർ ഏറ്റെടുക്കൽ യാഥാർത്ഥ്യമായില്ലെങ്കിൽ എന്താണ് താങ്കളുടെ അടുത്ത പദ്ധതി എന്നും സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങാൻ പദ്ധതിയുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക്. X.com എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് ഒരു സോഷ്യൽ മീഡിയ വെബ്സൈറ്റ് ആവാനിടയുണ്ടെന്നാണ് വിലയിരുത്തൽ. 20 വർഷം മുമ്പ് ഇലോൺ മസ്‌ക് തുടക്കമിട്ട സ്റ്റാർട്ട് അപ്പിന്റെ ഡൊമൈൻ നെയിം ആണ് X.com. ഈ പ്ലാറ്റ്ഫോം പിന്നീട് പേ പാൽ എന്ന സാമ്പത്തിക സേവന കമ്പനിയുമായി ലയിച്ചിരുന്നു.

അടുത്തിടെ ടെസ് ലയുടെ ഓഹരിയുടമകളുടെ വാർഷിക യോഗത്തിൽ ഈ വെബ്സൈറ്റിനെ കുറിച്ച് മസ്‌ക് പരാമർശിച്ചിരുന്നു. എക്സ് കോർപ്പറേഷൻ എന്ന തന്റെ പഴയ കമ്പനി തിരികെ വരുന്നതിനെ കുറിച്ചുള്ള വലിയൊരു സ്വപ്നത്തെ കുറിച്ചും ഒരു പക്ഷെ ആ തിരിച്ചുവരവിനുള്ള സമയം ട്വിറ്റർ മൂന്ന് മുതൽ അഞ്ച് വർഷം വരെയാക്കി ത്വരിതപ്പെടുത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം.

ട്വിറ്ററിന്റെ പ്രവർത്തനങ്ങളെ കുറിച്ചും പ്ലാറ്റ്ഫോമിലെ വ്യാജ അക്കൗണ്ടുകളുടെ കൃത്യമായ കണക്കുകളും സംബന്ധിച്ച വ്യക്തമായ വിവരങ്ങളും കണക്കുകളും കൈമാറാൻ കമ്പനി തയ്യാറാവുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇലോൺ മസ്‌ക് ഏറ്റെടുക്കൽ കരാറിൽ നിന്ന് പിന്മാറിയത്. ലോകം ഉറ്റുനോക്കിയ 3.5 ലക്ഷം കോടി രൂപയുടെ ഇടപാടായിരുന്നു ഇത്. എന്നാൽ കമ്പനിയുമായുണ്ടായ അസ്വാരസ്യങ്ങളാണ് ഇരു കക്ഷികളേയും കോടതിയിലെത്തിച്ചത്. ഏറ്റെടുക്കലിൽ നിന്ന് പിന്മാറിയ മസ്‌കിനെതിരെ ട്വിറ്റർ കോടതിയെ സമീപിക്കുകയായിരുന്നു.

വ്യാജ അക്കൗണ്ടുകളുടെ യഥാർത്ഥ കണക്കുകൾ നൽകിയില്ലെങ്കിൽ ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്നും പിന്മാറുമെന്ന് ടെസ്ല സിഇഒ ഇലോൺ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പരാമർശിച്ചുകൊണ്ടുള്ള കത്ത് മസ്‌ക് ട്വിറ്ററിന് നൽകിയിരുന്നു. ഈ കാരണം തന്നെയാണ് ഇപ്പോൾ കരാറിൽ നിന്നും പിന്മാറാനും മസ്‌ക് എടുത്ത് പറയുന്നത്.

ഏകപക്ഷീയമായി കരാറിൽ നിന്നും പിന്മാറിയ മസ്‌കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പിന്നാലെ ട്വിറ്റർ അറിയിച്ചു. ഇതോടെയാണ് ലോകത്തെ ഒന്നാമത്തെ സമ്പന്നനും ആഗോളതലത്തിൽ പ്രമുഖരായ ടെക് കമ്പനിയും തമ്മിലുള്ള കൗതുകകരമായ നിയമപ്പോരാട്ടത്തിന് തുടക്കമായത്.

പ്രതിദിനം 1 ദശലക്ഷം സ്പാം അക്കൗണ്ടുകൾ തടയുന്നുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകൾ മസ്‌ക് കമ്പനിയോട് ആവശ്യപ്പെട്ടു. സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് താൻ പുറത്തുപോകുമെന്ന് മസ്‌ക് പ്രസ്താവിച്ചത്.

ട്വിറ്ററിനെ കൂടുതൽ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ നീളം കൂട്ടുക, അൽഗൊരിതം മാറ്റുക, കൂടുതൽ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നൽകുക എന്നിവയെല്ലാം ട്വിറ്ററിൽ താൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങളായി മസ്‌ക് എടുത്ത് കാണിച്ചിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ ആണ് ട്വിറ്റർ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോൺ മാസ്‌ക് പ്രഖ്യാപിച്ചത്. ട്വിറ്ററിൽ സമൂലമായ ഉടച്ചുവാർക്കൽ നടത്തുമെന്ന് പിന്നീട് മസ്‌ക് പറഞ്ഞിരുന്നു. 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ ഇലോൺ മസ്‌കും കമ്പനിയും തമ്മിൽ ധാരണയായിരുന്നു. എന്നാൽ പിന്നീട് കരാറിൽ നിന്നും മസ്‌ക് പിന്മാറുകയായിരുന്നു.

ട്വിറ്ററിൽ സജീവമായ ശതകോടീശ്വരനായ ബിസിനസുകാരിൽ ഒരാളാണ് ഇലോൺ മസ്‌ക്. 80 ദശലക്ഷത്തിലധികം ഫോളോവേർസാണ് ട്വിറ്ററിൽ അദ്ദേഹത്തിനുള്ളത്. 2009 മുതൽ ട്വിറ്ററിൽ സ്ഥിര സാന്നിധ്യമായ മസ്‌ക്, തന്റെ ബിസിനസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വലിയ പ്രഖ്യാപനങ്ങൾക്ക് ട്വിറ്റർ ഹാന്റിൽ ഉപയോഗിച്ചിരുന്നു.