സാൻഫ്രാൻസിസ്‌കോ: മലയാളി അസ്സോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക - MANCA) 'ഫോമാ ഫാമിലി ടീമിന്' പിന്തുണ പ്രഖ്യാപിച്ച് ആശംസകൾ അർപ്പിച്ചു. സാൻഫ്രാൻസിസ്‌കോയിലെ റെഡ് ചില്ലീസ് റെസ്റ്റോറന്റിൽ കൂടിയ യോഗത്തിൽ മങ്ക പ്രസിഡന്റ് റെനി പൗലോസ് അധ്യക്ഷത വഹിച്ചു. ഫോമാ പ്രസിഡന്റ് സ്ഥാനാർതഥി ജെയിംസ് ഇല്ലിക്കൽ, ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി വിനോദ് കൊണ്ടൂർ, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി സിജിൽ പാലക്കലോടി എന്നിവരെ വിജയാശംസകൾ അറിയിച്ചും 'ഫാമിലി ടീം' അംഗങ്ങളുടെ ഇലക്ഷനിൽ എല്ലാവിധ പിന്തുണകൾ അറിയിച്ചും മങ്ക സെക്രട്ടറി ടോം ചാർളി, ട്രഷറർ ജാക്‌സൺ പൂയപ്പാടം, ഫോമാ മുൻ വൈസ് പ്രസിഡന്റ് വിൻസെന്റ് ബോസ് എന്നിവർ സംസാരിച്ചു.

2022 - 24 വർഷത്തെ ചുമതലക്കാരായി മത്സരിക്കുന്ന 'ഫോമാ ഫാമിലി ടീം' അംഗങ്ങളെ അവരുടെ അസ്സാന്നിധ്യത്തിലാണെങ്കിലും യോഗത്തിൽ പങ്കെടുത്ത ഏവർക്കും സിജിൽ പാലക്കലോടി പരിചയപ്പെടുത്തി. പ്രസിഡന്റ് സ്ഥാനാർത്ഥി ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള 'ഫാമിലി ടീം' അംഗങ്ങളായ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി വിനോദ് കൊണ്ടൂർ, ട്രെഷറർ സ്ഥാനാർത്ഥി ജോഫ്റിൻ ജോസ്, ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥി ബിജു ചാക്കോ, ജോയിന്റ് ട്രെഷറർ സ്ഥാനാർത്ഥി ബബ്ലൂ ചാക്കോ എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി സിജിൽ പാലക്കലോടി സദസ്സിനു പരിചയപ്പെടുത്തി. പൂർണ പിന്തുണയോടെയും നിറഞ്ഞ ഹർഷാരവത്തോടെയും യോഗത്തിൽ പങ്കെടുത്ത എല്ലാവരും സ്ഥാനാർത്ഥികളെ സ്വീകരിച്ചു. ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി വിനോദ് കൊണ്ടൂർ 'ഫാമിലി ടീം' ഫോമായിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെപ്പറ്റിയും പ്രൊജെക്ടുകളെപ്പറ്റിയും അടുത്ത രണ്ടു വർഷം ഫോമായേ ഉന്നതങ്ങളിലേക്ക് എത്തിക്കുന്നതിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും സദസ്സിനു മുൻപിൽ അവതരിപ്പിച്ചു.

ഫോമാ വെസ്റ്റേൺ റീജിയൺ മുൻ വൈസ് പ്രസിഡന്റുമാരായ പോൾ ജോൺ, ടോജോ തോമസ്, മങ്ക മുൻ പ്രസിഡന്റ് സാജൻ മൂലേപ്ലാക്കൽ അംഗങ്ങളായ ഡാനിഷ് തോമസ്, റീനു ചെറിയാൻ, ബിനു ബാലകൃഷ്ണൻ, മെൽവിൻ ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.