ഭുവനേശ്വർ : കനത്ത മഴയിൽ ഒഡീഷയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കലഹന്ദി ജില്ലയിലെ ഗോലമുണ്ട ബ്ലോക്കിൽ വെള്ളം കയറിയതോടെ പ്രദേശവാസികൾ വലിയ ദുരിതത്തിലാണ്.ഗ്രാമത്തിൽ മരണാനന്തര ചടങ്ങ് പോലും നടത്താനാകാത്ത അവസ്ഥയിലാണ് നാട്ടുകാർ.

കഴിഞ്ഞ ദിവസം മരിച്ച പ്രദേശവാസിയായ ശന്ത റാണ എന്നയാളുടെ മരണാനന്തര ചടങ്ങുകൾക്കായി ഗ്രാമത്തിലുള്ളവർ കഴുത്തറ്റം ഉയർന്ന വെള്ളക്കെട്ടിലൂടെയാണ് ശ്മശാത്തിലേക്ക് നടന്നു നീങ്ങേണ്ടി വന്നത്.

മൃതദേഹം വെള്ളത്തിന് മുകളിൽ കൈകകൾ കൊണ്ട് ഉയർത്തിപ്പിടിച്ചാണ് ഇവരുടെ യാത്ര. മാത്രമല്ല, മഴ നനയാതിരിക്കാൻ വാഴയില വെട്ടിയാണ് ഇവർ ചൂടിയിരിക്കുന്നത്. ഏറെ നാളായി കിടപ്പിലായിരുന്ന ശാന്ത റാണ മരിച്ചത് ചൊവ്വാഴ്ചയാണ്. നാട്ടിൽ പാലമില്ലാ എന്നതാണ് മരണാനന്തര ചടങ്ങുപോലും ഇത്രയും ദുഷ്‌കരമാകാൻ കാരണം.

ഒഡീഷ സർക്കാർ നിർധനർക്കായി സംസ്‌കാരച്ചടങ്ങുകൾക്കായി 2000 രൂപ അനുവദിച്ചിരുന്നു. ഹരിശ്ചന്ദ്ര സഹായത യോജന എന്ന പേരിലാണ് പദ്ധതി നാല് വർഷം മുമ്പ് നടപ്പിലാക്കിയത്. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ഈ തുക കൈമാറും.

എന്നാൽ ഈ പദ്ധതിയിലും അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. സംസ്ഥാനത്തെ ഗ്രാമങ്ങളിലൊന്നിൽ 11 പേർ മരിച്ചതായി കണക്കാക്കി പഞ്ചായത്ത് പണം വിനിയോഗിച്ചെങ്കിലും പണം ലഭിച്ചില്ലെന്ന് ആരോപിച്ച് മരിച്ചവരുടെ ഉറ്റവർ രംഗത്തെത്തിയിരുന്നു.