- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹി സർക്കാർ യാതൊരു സഹായവും നൽകിയിട്ടില്ലെന്ന് വെങ്കല മെഡൽ ജേതാവ്; ബിജെപിക്കു വേണ്ടി വോട്ടു തേടിയിട്ട് കേജ്രിവാൾ പണം കൊടുക്കേണ്ടതില്ലെന്ന് എഎപി; മെഡൽ നേട്ടം രാജ്യത്തിനാകെയെന്ന് ബിജെപി; ഗുസ്തിതാരത്തെച്ചൊല്ലി തർക്കം
ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയ ഗുസ്തി താരം ദിവ്യ കാക്രാന് ഡൽഹി സർക്കാർ യാതൊരു സഹായം നൽകിയിട്ടില്ലെന്ന പരാമർശം വിവാദത്തിൽ. ഡൽഹിക്കായി മത്സരിച്ചിട്ടും സർക്കാർ സഹായം നൽകിയില്ലെന്ന ദിവ്യ കാക്രാന്റെ പരാമർശമാണ് ആംആദ്മി പാർട്ടിയും ബിജെപിയും തമ്മിലുള്ള വാക്‌പോരിന് ഇടയാക്കിയത്. പരാതി വിവാദമായ പശ്ചാത്തലത്തിൽ ആം ആദ്മി നേതാക്കൾ ദിവ്യയ്‌ക്കെതിരെ രംഗത്തെത്തി.
ഡൽഹിക്കു വേണ്ടി താൻ മത്സരിച്ചിട്ടുണ്ടെന്നു ദിവ്യ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിനെ എതിർത്ത ആം ആദ്മി നേതാക്കൾ ഉത്തർപ്രദേശിന്റെ താരമാണു ദിവ്യയെന്ന് വാദിച്ചു. വിഷയത്തിൽ ബിജെപിക്ക് ഇത്രയേറെ വേദനിക്കാൻ കാരണം ഇതാണെന്ന് ആം ആദ്മി എംഎൽഎ സൗരഭ് ഭരദ്വാജ് വിഡിയോ പുറത്തുവിട്ടുകൊണ്ടു പ്രതികരിച്ചു.
ഉത്തർപ്രദേശിൽ ബിജെപിക്കായി വോട്ടു തേടുന്ന കായികതാരത്തിന്റെ വിഡിയോയും ആം ആദ്മി പാർട്ടി പുറത്തുവിട്ടു. '' പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നമ്മൾക്കായി ചെയതത് എന്തൊക്കെയെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് ബിജെപിക്കു വോട്ടു ചെയ്യണം'' വിഡിയോയിൽ ദിവ്യ ആവശ്യപ്പെടുന്നുണ്ട്.
ബിജെപിക്കു വേണ്ടി വോട്ടു തേടിയിട്ട് കേജ്‌രിവാളിനോടു പണം കൊടുക്കണമെന്നതു ശരിയല്ലെന്നും, കായികതാരങ്ങൾ രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കണമെന്നും എഎപി നേതാവ് ശാലിനി സിങ് വ്യക്തമാക്കി.
കോമൺവെൽത്ത് ഗെയിംസിലെ വെങ്കല മെഡൽ നേട്ടത്തിനു പിന്നാലെ ഡൽഹി സർക്കാർ തനിക്ക് യാതൊരു സഹായവും നൽകിയിട്ടില്ലെന്ന് ദിവ്യ ആരോപിച്ചിരുന്നു. എന്നാൽ ദിവ്യ ഒരു അപേക്ഷയും നൽകിയിട്ടില്ലെന്നും അവർ 2017 മുതൽ യുപിക്കു വേണ്ടിയാണു മത്സരിക്കുന്നതെന്നും ഡൽഹി സർക്കാർ പ്രതികരിച്ചു.
ഡൽഹിക്കായി മത്സരിച്ചിരുന്ന കാലത്ത് ദിവ്യയ്ക്ക് എല്ലാ സഹായങ്ങളും നൽകിയതിന്റെ തെളിവുകളും ആം ആദ്മി പാർട്ടി പുറത്തുവിട്ടു. എന്നാൽ മെഡൽ നേട്ടം രാജ്യത്തിനാകെയാണെന്നും ഒരു സംസ്ഥാനത്തിനു മാത്രമല്ലെന്നും ബിജെപി പ്രതികരിച്ചു. 61 മെഡൽ ജേതാക്കൾക്കും ബിജെപി ഭരിക്കുന്ന 17 സംസ്ഥാനങ്ങൾ പണം നൽകുമോയെന്ന് ചോദിച്ച് ആം ആദ്മി തിരിച്ചടിച്ചു.
വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഡൽഹി സർക്കാർ സഹായങ്ങളൊന്നും നൽകിയിട്ടില്ലെന്ന് കായികതാരം ആരോപിച്ചത്. പാവപ്പെട്ട കുടുംബത്തിൽനിന്നാണു വരുന്നതെന്നും ട്രെയിൻ യാത്രയ്ക്കു പണമില്ലാത്തതിനാൽ ശുചിമുറിക്ക് സമീപം ഇരുന്നാണു യാത്ര ചെയ്തതെന്നും ദിവ്യ ആരോപിച്ചിരുന്നു.
'' സർക്കാരിൽനിന്ന് ഒരു സഹായവും ലഭിച്ചിരുന്നില്ല. 2018 മുതൽ യുപിക്കു വേണ്ടി മത്സരിക്കാൻ ഇറങ്ങിയപ്പോൾ പണം ലഭിച്ചു. പണത്തിനു വേണ്ടി യാചിക്കുകയല്ല. എന്നാൽ ഡൽഹി സർക്കാർ ഒരു തരത്തിലും എന്ന സഹായിച്ചിട്ടില്ല'' ദിവ്യ കാക്രാൻ ആരോപിച്ചു.