ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾക്കിടെ രാജ്യത്ത് സുരക്ഷ ശക്തമാക്കി പൊലീസും സൈന്യവും. രാജ്യതലസ്ഥാനമായ ഡൽഹിയിലടക്കം പട്രോളിങ്ങും വാഹനപരിശോധനയും പൊലീസ് ഊർജിതമാക്കി. മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, മാർക്കറ്റുകൾ എന്നിവയുൾപ്പെടെ എല്ലാ സ്ഥലങ്ങളിലും കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ഹോട്ടലുകൾ, പാർക്കിങ് സ്ഥലങ്ങൾ, റസ്റ്ററന്റുകൾ എന്നിവ പരിശോധിക്കുകയാണെന്നും വാടകക്കാരുടെയും ജോലിക്കാരുടെയും വെരിഫിക്കേഷൻ നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

അതിനിടെ കൊൽക്കത്തയിൽ വിക്ടോറിയ മെമോറിയലിനു മുകളിലൂടെ ഡ്രോൺ പറത്തിയതിനു രണ്ടു ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു. സ്മാരകത്തിൽ സുരക്ഷാച്ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. ബംഗ്ലാദേശിലെ രാജ്ഷാഹി ജില്ലയിൽ താമസിക്കുന്ന മുഹമ്മദ് ഷിഫത്ത്, മുഹമ്മദ് സില്ലൂർ റഹ്‌മാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വിക്ടോറിയ മെമോറിയൽ ഹാളിന്റെ ഒന്നാം നിലയിലെ ബാൽക്കണിയുടെ വടക്കുഭാഗത്തുനിന്നു ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകൾ പറത്തിയ ഇരുവരും, സ്മാരകത്തിന്റെയും പരിസരത്തിന്റെയും ഫോട്ടോകൾ എടുക്കുന്നതിനിടെയാണ് പിടിയിലായത്.

വെടിയുണ്ടകൾ കൈവശം വച്ചതിനു ആറു പേരെ ഡൽഹി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ലക്‌നൗവിലേക്കു കടത്താൻ ശ്രമിച്ച രണ്ടു ബാഗ് നിറയെ വെടിയുണ്ടകളാണ് പിടിച്ചെടുത്തതെന്ന് ഈസ്റ്റേൺ റേഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ വിക്രംജിത് സിങ് പറഞ്ഞു.

നിലവിൽ മീററ്റിലെ ജയിലിൽ കഴിയുന്ന അനിൽ എന്ന ഗുണ്ടാനേതാവിന്റെ അറിവോടെയാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള തോക്കുനിർമ്മാണ ശാലയിൽനിന്നു വെടിയുണ്ട കൊണ്ടുവന്നത്. തോക്കുനിർമ്മാണ ശാലയുടെ ഉടമസ്ഥനും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കമ്മിഷണർ പറഞ്ഞു. സംഭവത്തിൽ ഭീകരബന്ധം ഉൾപ്പെടെ അന്വേഷിക്കുന്നുണ്ട്.

ഡെറാഡൂണിലെ തോക്ക് നിർമ്മാണ കേന്ദ്രത്തിൽ നിന്നാണ് ഇയാൾ ജോൻഹ്പൂരിൽ താമസിക്കുന്ന സദ്ദാം എന്ന ആളിന് വെടിയുണ്ടകൾ നൽകിയത്. വലിയ ബാഗുമായി രണ്ട് പേർ സംശയാസ്പദമായി സഞ്ചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഓട്ടോ ഡ്രൈവറാണ് പൊലീസിൽ പരാതി പെട്ടത്.