ന്യൂയോർക്ക്: ലോകപ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ന്യൂയോർക്കിൽ വധശ്രമം. ഒരു പരിപാടിക്കിടെയാണ് സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടത്. വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു.

വെള്ളിയാഴ്ച ന്യൂയോർക്കിൽ നടന്ന പരിപാടിയിൽ പ്രഭാഷണം നടത്തുന്നതിനു മുൻപു സൽമാൻ റുഷ്ദിക്കു കുത്തേറ്റതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. സ്റ്റേജിൽ വീണ റുഷ്ദിയെ പ്രഥമശുശ്രൂഷകൾക്കു ശേഷം ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.

ന്യൂയോർക്കിലെ ഷടാക്വ ഇൻസ്റ്റിട്യൂഷനിൽ, സൽമാൻ റുഷ്ദി വേദിയിൽ നിൽക്കെയാണ് ആക്രമണമുണ്ടായത്. കുത്തേറ്റതിനെ തുടർന്ന് സൽമാൻ റുഷ്ദി നിലത്ത് വീണു. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സമ്മർടൈം ലക്ചർ സീരീസിന് പ്രശസ്തമാണ് ഷടാക്വ ഇൻസ്റ്റിട്യൂഷൻ. ന്യൂയോർക്കിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. റുഷ്ദി നേരത്തേയും ഇവിടെ പ്രഭാഷണം നടത്തിയിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് അദ്ദേഹത്തെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പരിപാടിയിൽ റുഷ്ദിയെ സദസിന് പരിചയപ്പെടുത്തി പ്രഭാഷണം നടത്താൻ റുഷ്ദിയെ അവതാരകൻ ക്ഷണിച്ചതിനു തൊട്ടുപിന്നാലെ ഒരാൾ സ്റ്റേജിൽ കയറി റുഷ്ദിയെ മുഖത്ത് ഇടിക്കുകയോ കുത്തുകയോ ചെയ്യുകയായിരുന്നൊണ് പ്രാഥമികവിവരം. സ്റ്റേജിൽ വീണ റുഷ്ദിയെ ആശുപത്രിയിലേക്കു മാറ്റി. അരോഗ്യനില സംബന്ധിച്ച് കൃത്യമായ വിവരമില്ല. അക്രമിയെ സംഭവസ്ഥലത്തുവച്ചു തന്നെ പൊലീസ് പിടികൂടി.

റുഷ്ദിക്ക് രണ്ടുതവണ കുത്തേറ്റെന്ന് ദൃക്‌സാക്ഷി പറഞ്ഞു. കുത്തേറ്റ സൽമാൻ റുഷ്ദി വേദയിലേക്ക് വീണു. മതനിന്ദ ആരോപിച്ച് സൽമാൻ റുഷ്ദിയുടെ പുസ്തകം സാത്താനിക് വേഴ്‌സ് 1988 മുതൽ ഇറാനിൽ നിരോധിച്ചിരിക്കുകയാണ്.

1981ൽ പുറത്തുവന്ന 'മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ' എന്ന നോവലിലൂടെയാണ് സൽമാൻ റുഷ്ദി വിശ്വപ്രസിദ്ധിയിലേക്കുയർന്നത്. ഈ പുസ്തകത്തിന് ബുക്കർ പുരസ്‌കാരം ലഭിച്ചിരുന്നു.

'സറ്റാനിക് വേഴ്സസ്' എന്ന പുസ്തകത്തിന്റെ പേരിൽ 1980 മുതൽ അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. സൽമാൻ റുഷ്ദിയെ കൊലപ്പെടുത്തുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു പുസ്തകത്തിന്റെ നിരോധനം.

ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് പൗരനാണ് സൽമാൻ റുഷ്ദി. കഴിഞ്ഞ 20 വർഷമായി യുഎസിലാണ് താമസം. 75കാരനായ ഏഴുത്തുകാരന് നേർക്ക് നേരത്തെയും വധ ഭീഷണിയുണ്ടായിരുന്നു. റുഷ്ദിയെ കൊല്ലുന്നവർക്കു മൂന്നു മില്യൻ യുഎസ് ഡോളർ പാരിതോഷികം ഇറാന്റെ പരമോന്നത നേതാവ് 1989 ഫെബ്രുവരി 14ന് പ്രഖ്യാപിച്ചിരുന്നു.

'സാഹിത്യത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും ലോകത്തെല്ലായിടത്തുമുള്ള എഴുത്തുകാർക്കും ഏറെ മോശമായ ദിനം. പാവം സൽമാൻ: അദ്ദേഹത്തിന് മുറിവേൽക്കാതിരിക്കട്ടെയെന്നും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു'. ബ്രിട്ടീഷ് എഴുത്തുകാരൻ വില്യം ഡാൽറിമ്പിൾ ട്വീറ്റ് ചെയ്തു.