മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുാകർ യാദവിന്റെ കാർ ശേഖരത്തിലേക്ക് പുതിയ അതിഥി എത്തിയിരിക്കുകയാണ്. മെഴ്‌സിഡസ് ബെൻസിന്റെ ആഡംബര എസ് യു വിയായ GLS AMG 63 സ്വന്തമാക്കിയിരിക്കുകയാണ് സൂര്യകുമാർ. പത്‌നി ദേവിഷാ ഷെട്ടിക്ക് ഒപ്പം ഷോറൂമിൽ നിന്ന് കാർ ഏറ്റുവാങ്ങി.

എഎംജി വേരിയന്റായ ജിഎൽസിന്റെ എക്‌സ് ഷോറൂം വില ഏകദേശം 2.15 കോടി രൂപയാണ്. സൂര്യകുമാർ പുതിയ കാർ ഏറ്റുവാങ്ങുന്ന ചിത്രം ഓട്ടോഹാങ്ങർ അവരുടെ ഇൻസ്റ്റഗ്രാം പേജിലും പങ്കുവെച്ചു. അധികം വൈകാതെ താൻ Porsche Turbo 911ന്റെ ഉടമയാകുമെന്ന് സൂര്യകുമാർ ഈ മാസമാദ്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. മാറ്റങ്ങൾ വരുത്തി കസ്റ്റമൈസ് ചെയ്ത കാറിന് 3.64 കോടിയാണ് മുംബൈയിലെ എക്‌സ് ഷോറൂം വില.ആവശ്യക്കാർ കൂടിയതിനെത്തുടർന്ന് GLS AMG 63 ന്റെ ബുക്കിങ് 2023വരെ മെഴ്‌സിഡെസ് നിർത്തിവെച്ചിരുന്നു.

കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച GLS AMG 63 നിരത്തിലിറങ്ങും മുമ്പെ 50 എണ്ണമാണ് വിറ്റുപോയത്. ഇതിന് പുറമെ ഈ വർഷമാദ്യം നിസാന്റെ ആഡംബര എസ്യുവിയായ ജോംഗയും സൂര്യകുമാർ തന്റെ കാർശേഖരത്തിലെത്തിച്ചിരുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലിടം നേടിയ സൂര്യകുമാർ യാദവ് ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ മധ്യനിരയുടെ നെടുന്തൂണാണ്.


ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ സെഞ്ചുറിയുമായി തിളങ്ങിയ സൂര്യകുമാർ ടി20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ അർധസെഞ്ചുറി നേടിയാണ് സൂര്യകുമാർ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാൻ നായകൻ ബാബർ അസമിന് തൊട്ടുപിന്നിലെത്തിയത്.