സിഡ്‌നി: തന്നെ ഉപേക്ഷിച്ച് മറ്റൊരുവൾക്കൊപ്പം പോയ കാമുകനെതിരെ പത്രത്തിൽ മുഴുനീള പരസ്യം നൽകി യുവതിയുടെ പ്രതികാരം. ഓസ്ട്രേലിയൻ പത്രമായ മക്കേ ആൻഡ് വിറ്റ്സണ്ടേ ലൈഫിന്റെ നാലാം പേജ് മറിച്ച വായനക്കാർ അക്ഷരാർത്ഥത്തിൽ അമ്പരന്നു. തന്നെ വഞ്ചിച്ച കാമുകനെതിരെ ജെന്നി എന്ന സ്ത്രീയാണ് പത്രത്തിൽ മുഴുനീള പരസ്യം നൽകിയത്.

പത്രത്തിന്റെ നാലാം പേജിലെ മുഴുനീളൻ പരസ്യം കണ്ട് പത്രം ഓഫീസിലേക്ക് വായനക്കാർ വിളിയോട് വിളി. മറുപടി നൽകി പെടാപ്പാടു പെട്ട പത്രക്കാർ പിന്നെ ഒരു ഫേസ്‌ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തു. പങ്കാളിയെ 'വൃത്തികെട്ട വഞ്ചകൻ' എന്ന് വിളിക്കാൻ ഒരു പത്രത്തിൽ മുഴുവൻ പേജ് അച്ചടിച്ച പരസ്യമാണ് കാമുകി നൽകിയത്.

പരസ്യം ഇങ്ങനെയായിരുന്നു, 'പ്രിയപ്പെട്ട സ്റ്റീവ്, നീ അവളിൽ സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നീ എന്തൊരു വൃത്തികെട്ട വഞ്ചകനാണെന്ന് ഇപ്പോൾ നഗരം മുഴുവൻ അറിയും. എന്ന്, ജെന്നി.' ഇനി പരസ്യത്തിന് പണം ആര് കൊടുത്തു എന്നുകൂടി കേട്ടോ

'നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ഞാൻ ഈ പരസ്യം വാങ്ങിയത്,' എന്നും പരസ്യത്തിൽ കൂട്ടിച്ചേർത്തു. പ്രതീക്ഷിച്ചതുപോലെ, സ്റ്റീവും ജെന്നിയും ആരാണെന്ന് അറിയാൻ ആളുകൾക്ക് ആകാംക്ഷയായി. പരസ്യത്തെ കുറിച്ച് കൂടുതൽ അറിയാനുള്ള സന്ദേശങ്ങൾ നിറഞ്ഞു

പത്രത്തിന്റെ നടത്തിപ്പുകാർ ഫേസ്‌ബുക്കിൽ ഇങ്ങനെ എഴുതി, 'മക്കേ ലൈഫിന്റെ നാലാം പേജിലെ പരസ്യത്തെക്കുറിച്ച് ഇന്ന് രാവിലെ ഡസൻ കണക്കിന് സന്ദേശങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. മറുപടി നൽകാൻ വളരെയധികം ഉള്ളതിനാൽ ഞങ്ങൾ അത് ഇവിടെ അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്നു.'

പത്രം കൂട്ടിച്ചേർത്തു, 'സ്റ്റീവ് ആരാണെന്ന് ഞങ്ങൾക്കറിയില്ല, പക്ഷേ പ്രത്യക്ഷത്തിൽ അവൻ വളരെ മോശമാണ്. ജെന്നിയെക്കുറിച്ചുള്ള ഒരു വിവരവും ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ചോദ്യം ചെയ്യപ്പെട്ട ക്രെഡിറ്റ് കാർഡിൽ നിന്ന് ഞങ്ങൾ പണം ഈടാക്കിയിട്ടില്ല.'