ബെംഗലൂരു: ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവർഷ ബി.എ വിദ്യാർത്ഥിയുടെ സെമസ്റ്റർ പരീക്ഷയുടെ ഉത്തര കടലാസ് കണ്ട അദ്ധ്യാപകൻ ഒന്നു ഞെട്ടി. ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ജന്മദിനമായതിനാൽ പഠിക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ ഉത്തരം എഴുതുന്നില്ലെന്നുമാണ് വിദ്യാർത്ഥി ഉത്തര കടലാസിൽ എഴുതിയത്.

ഒന്നാംവർഷ ബിരുദ കോഴ്‌സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷയെഴുതിയ വിദ്യാർത്ഥിയാണ് ഉത്തരങ്ങൾക്ക് പകരം ഇത്തരത്തിൽ കുറിച്ചത്. 'ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോൺ എന്റെ കാമുകിയാണ്. അവരുടെ ജന്മദിനമായതിനാൽ ഞാൻ ഇന്ന് പരീക്ഷയെഴുതുന്നില്ല', എന്നായിരുന്നു വിദ്യാർത്ഥി എഴുതിയ വാചകം. എല്ലാവരോടും നടിക്ക് ആശംസകൾ അറിയിക്കണമെന്നും ഇയാൾ കുറിച്ചുവെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

മെയ്‌,ജൂൺ മാസങ്ങളിലായാണ് യൂനിവേഴ്‌സിറ്റി യു.ജി ആദ്യ സെമസ്റ്റർ പരീക്ഷ നടത്തിയത്. ഉത്തരകടലാസ് മൂല്യനിർണയം നടത്തുമ്പോഴാണ് ഇക്കാര്യം അദ്ധ്യാപകരുടെ ശ്രദ്ധയിൽ പെട്ടത്.

ഒരു ചോദ്യത്തിനു പോലും ഉത്തരം എഴുതുകയും ചെയ്തില്ല. മൂല്യനിർണയം നടത്തുന്ന അദ്ധ്യാപകനും തന്റെ സുഹൃത്തുക്കളും സണ്ണി ലിയോണിക്ക് ജന്മദിനാശംസ നേരണമെന്നും വിദ്യാർത്ഥി അഭ്യർത്ഥിക്കുകയും ചെയ്തു.

സണ്ണി ലിയോൺ നായികയായി എത്തുന്ന പുതിയ ചിത്രം ഷീറോ അണിയറയിൽ ഒരുങ്ങുകയാണ്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇക്കിഗായ് മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമ്മിക്കുന്നത്. കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. 'അതിജീവനമാണ് എന്റെ പ്രതികാരം' എന്ന അടിക്കുറിപ്പോടെയാണ് സണ്ണി ലിയോൺ പോസ്റ്റർ പങ്കുവെച്ചിരുന്നത്.