ന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയെന്ന് ആരോപണ വിധേയയായ നുപുർ ശർമയെ കൊലപ്പെടുത്താൻ ജയ്ഷെ മുഹമ്മദ് ഏർപ്പെടുത്തിയ യുവാവിനെ എൻ.ഐ.എ കോടതിക്ക് മുമ്പിൽ ഹാജരാക്കി. ഉത്തർപ്രദേശ് സഹൻപൂർ സ്വദേശി മുഹമ്മദ് നദീമിനെയാണ് കോടതിക്ക് മുമ്പിൽ ഹാജരാക്കിയിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) നദീമിനെ പിടികൂടിയത്. നദീമിന്റെ ഫോണിൽ നിന്ന് ചാറ്റുകളും വോയിസ് മെസേജുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പ്രവാചക നിന്ദ നടത്തിയതിന് മുൻ ബിജെപി വക്താവ് നുപുർ ശർമയെ കൊലപ്പെടുത്താൻ സംഘടനകൾ നദീമിനെ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

വാട്സ്ആപ്പ്, ടെലഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ നദീം ഭീകര സംഘടനകളായ ജെ.ഇ.എം, തെഹ്രീകെ താലിബാൻ തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും യു.പി എ.ടി.എസ് പറഞ്ഞു.

ചോദ്യം ചെയ്യലിൽ താൻ 2018 മുതൽ ജെ.ഇ.എമ്മുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും പ്രത്യേക പരിശീലനത്തിനായി പാക്കിസ്ഥാനിലേക്കും സിറിയയിലേക്കും ആ സംഘടന തന്നെ ക്ഷണിച്ചിരുന്നതായും നദീം സമ്മതിച്ചിട്ടുണ്ട്.

മെയ് 28നായിരുന്നു ഗ്യാൻവാപി വിഷയത്തിൽ ടൈംസ് നൗ ചാനലിൽ ചർച്ച നടന്നത്. ചർച്ചയ്ക്കിടെ നുപുർ ശർമ പ്രവാചകനെ അപകീർത്തിപ്പെടുത്തി സംസാരിക്കുകയായിരുന്നു.