ന്യൂഡൽഹി: യമുന നദി കരകവിഞ്ഞതിനെ തുടർന്ന് ഡൽഹിയിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് 7000 പേരെ ഒഴിപ്പിച്ചു. ഇതിൽ പലരും റോഡരികിലാണ് കഴിയുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കനത്തമഴയെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ടാണ് യമുന നദിയിലെ ജലനിരപ്പ് അപകടകരമായ നിലയായ 205.33 മീറ്ററിന് മുകളിലെത്തിയത്. തുടർന്നാണ് തീരപ്രദേശങ്ങളിലുള്ളവരെ അധികൃതർ ഒഴിപ്പിക്കാൻ തുടങ്ങിയത്. നിലവിൽ അപകടകരമായ നിലയിലും താഴെയാണ് യമുനയിലെ ജലനിരപ്പ്. ജലനിരപ്പ് ഇനിയും താഴുമെന്നാണ് അധികൃതർ പറയുന്നത്.

താഴ്ന്ന പ്രദേശങ്ങളിലുള്ള 5000 പേരെ കോമൺവെൽത്ത് ഗെയിംസ് വില്ലേജിന് സമീപമുള്ള ടെന്റുകളിലേക്ക് മാറ്റി. 2000 പേർ വടക്കുകിഴക്കൻ ജില്ലകളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. കൃഷിയിടങ്ങൾ പൂർണമായി വെള്ളത്തിനടിയിലായി. പാകമായിട്ടില്ലെങ്കിലും വിളകൾ പറിച്ചെടുത്ത് വിൽക്കാൻ ശ്രമിക്കുകയാണ് കർഷകർ. കാലികളുമായി മറ്റു പ്രദേശങ്ങളിലേക്ക് നീങ്ങാനാകാത്തതിനാൽ മയൂർ വിഹാറിൽ റോഡരികിൽ ടെന്റുകൾ കെട്ടി നൽകുകയാണ് സർക്കാർ. എല്ലാവർക്കും ഭക്ഷണവും വെള്ളവും ഉറപ്പാക്കായിട്ടുണ്ടെന്നും സർക്കാർ പറയുന്നു.

ഹരിയാന ഹത്നികുണ്ഡ് ബാരേജിൽനിന്നു വെള്ളം തുറന്നുവിട്ടതും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മഴ തുടരുന്നതുമാണ് യമുന നദി കരകവിഞ്ഞൊഴുകാൻ കാരണം.