നേകരുടെ ജീവനെടുത്ത പ്രൊസ്റ്റേറ്റ് കാൻസർ തുടക്കത്തിലേ കണ്ടുപിടിക്കാൻ സഹായിക്കുന്ന ആദ്യത്തെ സ്‌ക്രീനിങ് പ്രോഗ്രാമിന് ഇന്ന് ആരംഭമാവുകയാണ് അടുത്ത ഒരു വർഷത്തിനുള്ളിൽ തെക്കൻ ഇംഗ്ലണ്ടിലെ 12,000 പേരെ പരിശോധനക്ക് വിധേയമാക്കും. ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ ഒളിഞ്ഞിരിക്കുന്ന കാൻസർ കണ്ടെത്തുന്നതിൽ ഇത് വിജയിച്ചാൽ, യു കെയുടെ എല്ലാ ഭാഗങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും.

പുരുഷന്മാരിൽ കണ്ടു വരുന്ന ഈ രോഗത്തെ കണ്ടെത്താൻ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആയുള്ള ആന്റിജൻ പരിശോധനക്കായിരിക്കും ഇതിൽ പങ്കെടുക്കുന്നവർ വിധേയമാകുക. രക്തത്തിൽ പി എസ് എ പ്രൊട്ടീന്റെ അമിതമായ സാന്നിദ്ധ്യം ഉണ്ടോ എന്നായിരിക്കും ഇതിൽ നോക്കുക. പി എസ് എ പ്രോട്ടീന്റെ അളവ് ക്രമാതീതമാണെങ്കിൽ അത് സൂചിപ്പിക്കുന്നത് പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങളുടെ സാന്നിദ്ധ്യമാണ്.

നിലവിൽ, കൂടെക്കൂടെ മൂത്രമൊഴിക്കുക, മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ടെത്തുക തുടങ്ങിയ, പ്രോസ്റ്റേറ്റ് കാൻസർ വരാൻ സാധ്യതയുള്ള ലക്ഷണങ്ങൾ കാണിക്കുന്നവർക്കും അതുപോലെ പ്രോസ്റ്റേറ്റ് കാൻസർ പാരമ്പര്യമായി വരാൻ സാധ്യതയുള്ളവർക്കും മാത്രമാണ് പരിശോധന നടത്തുന്നത്. എൻ എച്ച് എസ് ഡോക്ടർമാർ, വിവിധ ചാരിറ്റികൾ, കാൻസർ രോഗികൾ എന്നിവർ ഉൾപ്പെടുന്ന സസക്സ് കാൻസർ അലയൻസായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ 7.5 ലക്ഷ്യം പൗണ്ടിന്റെ ധനസഹായത്തോടേയാണ് ഇത് നടപ്പിലാക്കുക.

ഈ പദ്ധിതിയുടെ പരിധിയിൽ വരുന്ന 50 നും 70 നും ഇടയിൽ പ്രായമുള്ള എല്ലാ പുരുഷന്മാർക്കും ഇതുവഴി പരിശോധനാ സംവിധാനം ഒരുക്കും. തങ്ങളുടെ പ്രദേശത്തെ ജി പി യെ സന്ദർശിച്ച് പി എസ് എ ടെസ്റ്റ് നടത്താവുന്നതാണ്. എന്നാൽ, ഈ രോഗത്തിന് വളരെയധികം സാധ്യതയുള്ള ആഫ്രോ- കരീബിയൻ വംശജരെ പോലെയുള്ളവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും. ഇക്കൂട്ടരിൽ ജനിതക ഉൽപരിവർത്തനം (ജെനെറ്റിക് മ്യുട്ടേഷൻ) സാധാരണയിലും കവിഞ്ഞ് നടന്നിട്ടുള്ളതിനാൽ രോഗം ബാധിക്കുന്നതിനുള്ള സാധ്യത ഏറെയാണ്.

അതുപോലെ അടുത്ത ബന്ധത്തിൽ പെട്ടവർക്ക് പ്രോസ്റ്റേറ്റ് കാൻസർ ഉള്ളവർക്കും മുൻഗണന ലഭിക്കും. ഈ രണ്ടു വിഭാഗങ്ങളിലും ഉൾപ്പെടുന്ന 45 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്ക് പരിശോധനക്ക് സൗകര്യം ലഭിക്കും. യു കെയിൽ പ്രതിവർഷം ഏകദേശം 47,000 പേർക്ക്‌പ്രോസ്റ്റേറ്റ് കാൻസർ പിടിപെടുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 12,000 പേർ എല്ലാവർഷവും ഈ രോഗം കാരണം മരണമടയുന്നുമുണ്ട്.

ഈ രോഗം നേരത്തേ കണ്ടുപിടിക്കാൻ കഴിയുകയും, പ്രോസ്റ്റേറ്റിന് പുറത്തേക്ക് വ്യാപിക്കുകയും ചെയ്തിട്ടില്ലെങ്കിൽ ഇത് ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, ഒരു പത്തു ശതമാനത്തൊളം കേസുകളിൽ, ഇത് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതിനു ശേഷം മാത്രമാണ് കണ്ടുപിടിക്കാറുള്ളത്. ഇത്തരം സാഹചര്യത്തിൽ രണ്ടു വർഷത്തിലധികം ജീവിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.