മുംബൈ: സ്വാതന്ത്ര്യ ദിനത്തിന്റെ 76ാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ ആഘോഷങ്ങളാണ് ഇക്കുറി ഉണ്ടായിരുന്നത്. 'ആസാദി ക അമൃത് മഹോത്സവ്' എന്ന പേരിലായിരുന്നു ആഘോഷം. സാധാരണയായി സ്ഥാപനങ്ങളിൽ സ്വാതന്ത്ര്യദിനത്തിൽ മാത്രമായിരുന്നു ത്രിവർണ പതാക ഉയർത്തിയിരുന്നത്.

എന്നാൽ, ഇക്കുറി മൂന്ന് ദിവസം രാജ്യത്തെ എല്ലാ വീടുകളിലും പതാക ഉയർത്തി. കേവലം പതാക ഉയർത്തിയതിന് ശേഷം ആഘോഷം കഴിഞ്ഞ് ഈ പതാക എങ്ങനെയൊണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുവേ ആളുകൾക്ക് ഗ്രാഹ്യം കുറവാണ്.

ദേശസേവനത്തിന്റെ മാതൃകാ പ്രവർത്തനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇന്ത്യൻ ഓയിലിന്റെ മുംബൈ ഡിവിഷൻ അവരുടെ ദേശീയ പതാക ശേഖരണ ഡ്രൈവിനെക്കുറിച്ചുള്ള ഒരു ഇൻഫോഗ്രാഫിക് പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. അടുത്തുള്ള പെട്രോൾ പമ്പുകളിൽ ഉപയോഗത്തിലില്ലാത്ത പതാകകൾ തിരികെ നൽകണമെന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റർ.

പോസ്റ്ററിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

നിങ്ങൾ ഉപയോഗിച്ച ദേശീയ പതാകകൾ അടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിൽ ഏൽപ്പിക്കുക.നല്ല പതാകകൾ സൂക്ഷിച്ചുവെച്ച് മറ്റുള്ളവ ബഹുമാനത്തോടെ തന്നെ ഡിസ്‌പോസ് ചെയ്യുന്നതായിരിക്കും.

ശ്രദ്ധിക്കുക: ദേശീയ പതാകകൾ അശ്രദ്ധമായ വലിച്ചെറിയുവാനോ, വഴിയരികയിൽ ഉപേക്ഷിക്കുവാനോ, മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്

മുംബൈയിലെയും താനെയിലെയും പാർപ്പിട സമുച്ചയങ്ങളിൽ നിന്ന് ത്രിവർണ പതാകകൾ ശേഖരിക്കാൻ മുംബൈ ആസ്ഥാനമായുള്ള മറ്റൊരു എൻജിഒ, മൈ ഗ്രീൻ സൊസൈറ്റി രംഗത്തെത്തി. ഫ്‌ളാഗ് കോഡ് അനുസരിച്ച് പതാക പരിപാലിക്കുമെന്നും കേടുപാടുകൾ സംഭവിച്ചവ കോഡ് പറയുന്നതനുസരിച്ച് നീക്കംചെയ്യുമെന്നും എൻജിഒ ഉറപ്പുനൽകിയിട്ടുണ്ട്. 9820099022 / 9167761697 എന്ന വാട്ട്സ്ആപ്പ് നമ്പറുകളിൽ അവരെ ബന്ധപ്പെടാം.