ആൽബനി (ന്യൂയോർക്ക്): ആൽബനിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ (സിഡിഎംഎ) ഓണാഘോഷം സെപ്റ്റംബർ 11 ഞായറാഴ്ച വിപുലമായി കൊണ്ടാടുമെന്ന് പ്രസിഡന്റ് സുനിൽ സക്കറിയയും സെക്രട്ടറി അനൂപ് അലക്‌സും അറിയിച്ചു.

ആൽബനി കൗണ്ടിയിലുൾപ്പെട്ട കോളനിയിലെ കുക്ക് പാർക്ക് പവലിയനിലാണ് (Cook Park, Shambrook Pkwy, Colonie, NY 12205) ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം രാവിലെ 11:00 മണിക്ക് ആഘോഷങ്ങൾക്ക് തുടക്കമാകും.

കോവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ ആഘോഷങ്ങളെല്ലാം താത്ക്കാലികമായി നിർത്തിവെയ്ക്കുകയോ മന്ദഗതിയിലാകുകയോ ചെയ്തിരുന്നെങ്കിലും, ഈ വർഷം ആഘോഷം പൂർവ്വാധികം ഭംഗിയോടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. 'പൊന്നോണം 2022' എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷത്തിൽ തിരുവാതിര, പൂക്കളം, ഓണ സദ്യ, വടംവലി തുടങ്ങി വിവിധങ്ങളായ കലാ-കായിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

ക്യാപിറ്റൽ ഡിസ്ട്രിക്റ്റിലുള്ള എല്ലാ മലയാളികളും ഈ ആഘോഷത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സുനിൽ സക്കറിയ അഭ്യർത്ഥിച്ചു.

കോവിഡ്-19 വ്യാപനത്തെത്തുടർന്ന് പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്ന അസ്സോസിയേഷന് പുതിയ കമ്മിറ്റി ഭാരവാഹിത്വം ഏറ്റെടുത്തതോടെ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റും സെക്രട്ടറിയും പറഞ്ഞു. അസ്സോസിയേഷന്റെ വെബ്‌സൈറ്റ് പുനരുജ്ജീവിപ്പിക്കുകയും, ടെക്‌നോളജി യുഗത്തിനനുയോജ്യമായ രീതിയിൽ വെബ് സൈറ്റിലെ ക്രമീകരണവുമാണ് അവയിൽ ശ്രദ്ധേയമായത്. അസ്സോസിയേഷന്റെ ചരിത്രം, പുതിയ അംഗത്വമെടുക്കൽ, അംഗത്വം പുതുക്കൽ, അസ്സോസിയേഷന്റെ വിവിധ പരിപാടികളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ, അവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷൻ, ചാരിറ്റി വിഭാഗമായ 'ജീവൻ ഫണ്ട്' വിവരങ്ങൾ മുതലായവ ഉൾപ്പെടുത്തിയാണ് വെബ്‌സൈറ്റ് പുനരുജ്ജീവിപ്പിച്ചിരിക്കുന്നതെന്ന് അവർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്: സുനിൽ സക്കറിയ 518 894 1564, അനൂപ് അലക്‌സ് 224 616 0411, secretary@cdmany.org

വെബ്: https://cdmany.org/