ന്യൂഡൽഹി: ഫിഫയുടെ വിലക്ക് വന്നതിന്റെ പശ്ചാത്തലത്തിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ബുധനാഴ്ച സുപ്രീം കോടതി കേസ് പരിഗണിക്കും.

എ.ഐ.എഫ്.എഫ് ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിഫ ചൊവ്വാഴ്ച ഇന്ത്യയ്ക്ക് വിലക്കേർപ്പെടുത്തിയത്. ഇക്കാര്യത്തിൽ നേരത്തെ തന്നെ ഫിഫ എ.ഐ.എഫ്.എഫിന് മുന്നറിയിപ്പ് നൽകിയിരുന്നു.

സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായിട്ടുപോലും വീണ്ടും ഇതേ വിഷയം ആവർത്തിച്ചതോടെയാണ് ഉടനടി വിലക്ക് ഏർപ്പെടുത്താൻ ഫിഫ കൗൺസിൽ ഏകകണ്ഠമായി തീരുമാനിച്ചത്. ഇതോടൊപ്പം 2022-ലെ അണ്ടർ-17 വനിതാ ലോകകപ്പിനുള്ള ആതിഥേയ പദവിയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കുകയും ചെയ്തു.

'മൂന്നാം കക്ഷികളിൽ നിന്നുള്ള അനാവശ്യ സ്വാധീനം ഫിഫ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമായതിനാൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ ഉടനടി സസ്പെൻഡ് ചെയ്യാൻ ഫിഫ കൗൺസിൽ ഏകകണ്ഠമായി തീരുമാനിച്ചിരിക്കുന്നു. എ.ഐ.എഫ്.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അധികാരങ്ങൾ ഏറ്റെടുക്കാൻ അഡ്‌മിനിസ്ട്രേറ്റർമാരുടെ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കുകയും എ.ഐ.എഫ്.എഫ് അഡ്‌മിനിസ്ട്രേഷൻ എ.ഐ.എഫ്.എഫിന്റെ ദൈനംദിന കാര്യങ്ങളുടെ പൂർണ നിയന്ത്രണം വീണ്ടെടുക്കുകയും ചെയ്തുകഴിഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കും' എന്നാണ് ഫിഫ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

ഇതിനു പിന്നാലെയാണ് സുപ്രധാന സംഭവവികാസമുണ്ടായതെന്നും ഇന്ത്യയെ സസ്പെൻഡ് ചെയ്തുകൊണ്ട് ഫിഫ കത്തയച്ചിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചത്. ബുധനാഴ്ച വിഷയം ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇത് ആദ്യ വിഷയമായി പരിഗണിക്കാൻ ശ്രമിക്കുമെന്നും ബെഞ്ച് സോളിസിറ്റർ ജനറലിനെ അറിയിച്ചിട്ടുണ്ട്.