- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത നിർമ്മാണം തടയുന്നത് ആക്രമണമായി ചിത്രീകരിക്കുന്നു; ലേഖനങ്ങൾ പ്രസിദ്ധീകരിപ്പിച്ച് ഹർജി ഉണ്ടാക്കുന്നു; രാജ്യത്ത് ക്രിസ്ത്യൻ വേട്ടയാടൽ ഇല്ല; ആരോപണം വിദേശസഹായം നേടാനെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: രാജ്യത്തെ ചില മേഖലകളിൽ ക്രൈസ്തവ വേട്ടയാടൽ നടക്കുന്നുവെന്ന രീതിയിലുള്ള പ്രചാരണങ്ങൾ കെട്ടിച്ചമച്ചതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. വ്യാജ വാർത്തകൾ ഉൾപ്പടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽചെയ്തു.
വിദേശത്തുനിന്ന് സഹായം ലഭിക്കുന്നതിനാകാം ഇത്തരം ആരോപണവുമായി സുപ്രീംകോടതിയെ സമീപിക്കുന്നതെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നു.
രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനും അവരുടെ സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങൾ തടയാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ ഉൾപ്പടെയുള്ളവർ നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം ഫയൽചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പി വേണു കുട്ടൻ നായരാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ.പീറ്റർ മച്ചാഡോയും ഇവാൻജെലിക്കൽ ഗ്രൂപ്പും സമർപ്പിച്ച ഹർജിയിലെ വിവരങ്ങൾ വ്യാജമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനെ ധരിപ്പിച്ചു. രാജ്യത്തെ ചില ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരെ അക്രമം നടക്കുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണ്. വ്യാജ വാർത്തകൾ ഉൾപ്പെടെയുള്ള രേഖകളുടെ പിൻബലത്തിലാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
അനധികൃത നിർമ്മാണം തടയുന്നത് പോലും ആക്രമണമായി ചിത്രീകരിക്കുകയാണ്. ലേഖനങ്ങൾ എഴുതിയുണ്ടാക്കി പ്രസിദ്ധീകരിപ്പിച്ച് ഹർജി ഉണ്ടാക്കുന്നു. ഇതിനെല്ലാം വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഈ സഹായം ലഭിക്കുന്നതിനാലാകാം ഇത്തരം വാദങ്ങൾ ഉന്നയിച്ച് ഹർജി എത്തുന്നതെന്നും കേന്ദ്ര സർക്കാർ ആരോപിച്ചു. രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനും അവരുടെ സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന ആക്രമണം തടയാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആർച്ച് ബിഷപ്പ് ഡോ.പീറ്റർ മച്ചാഡോയും ഇവാൻജെലിക്കൽ ഗ്രൂപ്പും സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന ആക്രമണങ്ങളിൽ പലതും വർഗീയ ആക്രമണമല്ലെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ തർക്കങ്ങൾ പോലും വർഗീയ സംഘർഷമായാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ വിദേശ ശക്തികൾക്ക് ഇടപെടാൻ അവസരം ഒരുക്കുന്നതിനാകാം ഹർജിയെന്നും കേന്ദ്ര സർക്കാർ വാദിച്ചു. കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം പരിഗണിച്ച കോടതി കേസ് വീണ്ടും പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് (ഓഗസ്റ്റ് 26) മാറ്റി. ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എസ്.ബൊപ്പണ്ണ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.