ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് ബാധിതരുടേയും രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവശിപ്പിക്കുന്നവരുടേയും എണ്ണം വർധിക്കുന്നു. രോഗവ്യാപനം ഏറുന്ന പശ്ചാത്തലത്തിൽ മാസ്‌ക് ധരിക്കാനും കോവിഡിനെതിരെയുള്ള മുൻകരുതലുകൾ കൃത്യമായി പാലിക്കാനും പൊതുജനങ്ങളോട് അധികൃതരുടെ കർശനനിർദ്ദേശം. സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായും പോസിറ്റീവിറ്റി നിരക്ക് ഉയർന്ന തോതിൽ തുടരുന്നതായും ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന ട്വീറ്റ് ചെയ്തു.

ആവർത്തിച്ച് രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. രോഗവ്യാപനത്തിന് അന്ത്യമായിട്ടില്ലെന്ന വസ്തുത എല്ലാവരും തിരിച്ചറിയണമെന്നും കോവിഡിനെതിരെ കൃത്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രോഗമുക്തി നിരക്ക് കൂടുതലാണെങ്കിലും കേസുകൾ വർധിക്കുകയാണെന്ന് ആരോഗ്യവിദഗ്ധയും ലാൻസെറ്റ് കമ്മിഷൻ അംഗവുമായ ഡോക്ടർ സുനീല ഗാർഗ് പറഞ്ഞു. സംസ്ഥാനത്ത് ആശുപത്രികളിൽ 500 ലധികം രോഗികൾ ഇപ്പോൾ തന്നെയുണ്ടെന്നും തീവ്രപരിചരണവിഭാഗത്തിൽ 20 ലധികം പേർ പ്രവേശിപ്പിക്കപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു. തീവ്രപരിചരണവിഭാഗത്തിൽ 2,129 കിടക്കകളാണ് സംസ്ഥാനത്തുള്ളത്. പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും ജാഗരൂകരായിക്കേണ്ട സന്ദർഭമാണിതെന്നും അവർ പറഞ്ഞു.