മീററ്റ്: ഭർത്താവുമായുണ്ടായ വഴക്കിൽ മനംനൊന്ത് രണ്ട് പിഞ്ചുമക്കളെ കൊലപ്പെടുത്തി 22 കാരി ജീവനൊടുക്കി. ഉത്തർപ്രദേശിലെ മീററ്റിലെ ഗോവിന്ദപുരി ഗ്രാമത്തിലാണ് സംഭവം നടന്നത്. തന്റെ നാല് മാസവും രണ്ട് വയസ്സുമുള്ള പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം ആയിഷ വീടിന് സമീപത്തെ ഒരു മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിക്കുന്നതിന് തൊട്ടുമുമ്പ് ആയിഷയും ഭർത്താവും തമ്മിൽ വഴക്കുണ്ടായതായും പൊലീസ് പറഞ്ഞു.

മരത്തിൽ തൂങ്ങി മരിച്ച നിലയിൽ വൈകീട്ടോടെയാണ് കണ്ടതെന്ന് സർക്കിൾ ഇൻസ്‌പെക്ടർ സഞ്ജീവ് കുമാർ പറഞ്ഞു. ഇതേ സ്ഥലത്തുതന്നെ രണ്ട് പെൺമക്കളുടെയും മൃതദേഹങ്ങളും കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഭാര്യാഭർത്താക്കന്മാർക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന് ആയിഷയുടെ സഹോദരൻ ട്രക്ക് ഡ്രൈവറായ മുസ്താക് പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.