കൊളംബൊ: ശ്രീലങ്കയിൽ നടൻ മമ്മൂട്ടിക്ക് ആതിഥ്യമരുളി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം നായകനും ഇതിഹാസ താരവുമായ സനത് ജയസൂര്യ. എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി നിർമ്മിക്കുന്ന ആന്തോളജി ചിത്രത്തിന്റെ ഷൂട്ടിംഗിനുവേണ്ടിയാണ് മമ്മൂട്ടി ശ്രീലങ്കയിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സനത് ജയസൂര്യ ട്വിറ്ററിലൂടെ സന്തോഷം അറിയിച്ചു.

'മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയെ പരിചയപ്പെടാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. സർ, നിങ്ങളൊരു യഥാർഥ സൂപ്പർതാരമാണ്. ശ്രീലങ്കയിലേക്ക് വന്നതിന് നന്ദി. എല്ലാ ഇന്ത്യൻ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദർശിക്കാനായി ഞാൻ ക്ഷണിക്കുന്നു', ജയസൂര്യ ട്വിറ്ററിൽ കുറിച്ചു.

എംടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥയിലാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രത്തിന്റെ സംവിധായകനായി നിലവിൽ രഞ്ജിത്തിന്റെ പേരാണ് കേൾക്കുന്നത്. ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെക്കുറിച്ച് ഒരു മുതിർന്ന പത്രപ്രവർത്തകന്റെ ഓർമ്മയാണ് 'കടുഗണ്ണാവ'. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് അത്. പി കെ വേണുഗോപാൽ എന്നാണ് നായക കഥാപാത്രത്തിന്റെ പേര്. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന അയാൾ പഴയ ഓർമ്മകളെ പൊടിതട്ടിയെടുക്കുകയാണ്. ഈ കഥാപാത്രത്തെയാവും മമ്മൂട്ടി അവതരിപ്പിക്കുന്നത്.

എംടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‌കാരമായ ആന്തോളജിയിൽ മറ്റ് പ്രമുഖ സംവിധായകരും അണിനിരക്കുന്നുണ്ട്. പ്രിയദർശൻ, സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണൻ, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവർക്കൊപ്പം എംടിയുടെ മകൾ അശ്വതിയും ഒരു ചിത്രം ഒരുക്കുന്നുണ്ട്.