ന്യൂഡൽഹി: കോവിഡ് മഹാമാരിക്ക് ശേഷം ലോട്ടറിയിൽ നിന്നല്ലാതെ മറ്റ് വരുമാനങ്ങൾ തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും ലോട്ടറികൾ മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കുന്നത് തടയരുതെന്നും മേഘാലയ, സിക്കിം സർക്കാരുകൾ സുപ്രീം കോടതിയെ അറിയിച്ചു.

തങ്ങളുടെ സർക്കാരുകൾ നടത്തുന്ന ലോട്ടറികൾ മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കുന്നത് തടയരുതെന്നാണ് ഇരു സംസ്ഥാനങ്ങളുടേയും ആവശ്യം. ഒരു സംസ്ഥാനത്തിന്റെ ഉൽപ്പനം മറ്റൊരു സംസ്ഥാനത്ത് വിൽക്കുന്നത് തടയുന്നത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണെന്നും മേഘാലയ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കേന്ദ്രം പാസ്സാക്കിയ 1998-ലെ ലോട്ടറി നിയന്ത്രണ നിയമത്തിലെ അഞ്ചാം വകുപ്പ് ചോദ്യംചെയ്താണ് മേഘാലയ സർക്കാർ സുപ്രീം കോടതിയിൽ സ്വകാര്യ അന്യായം ഫയൽചെയ്തത്. ഈ വകുപ്പ് പ്രകാരമാണ് ഇതര സംസ്ഥാന ലോട്ടറികൾക്ക് എതിരെ സംസ്ഥാന സർക്കാരുകൾക്ക് നിയന്ത്രണം ഏർപെടുത്താൻ കഴിയുന്നത്.

ഈ ഹർജി പരിഗണിക്കവെയാണ് കോവിഡ് മഹാമാരിക്ക് ശേഷം ഇരു സംസ്ഥാനങ്ങളും അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വിശദീകരിക്കപ്പെട്ടത്. മേഖാലയ സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയും, സിക്കിം സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിഗ്വിയും ഹാജരായി.

അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ഇന്ന് ഹാജരാകാത്തതിനാൽ ഹർജിയിൽ വിശദമായ വാദം കേൾക്കൽ നടന്നില്ല. തങ്ങളുടെ ആവശ്യത്തിന് അടിയന്തര സ്വഭാവം ഇല്ലെന്ന് അറ്റോർണി ജനറലിന് പറയാൻ കഴിയില്ലെന്നും മേഘാലയ സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഹർജികൾ മൂന്ന് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.