- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിഫയുടെ വിലക്ക്: എ എഫ് സി വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പിനെത്തിയ ഗോകുലം കേരള വനിതാ ടീ താഷ്‌കന്റിൽ കുടുങ്ങി; ഫിഫ വിലക്ക് നീക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ടീം അധികൃതർ
താഷ്‌കന്റ്: അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെ ഫിഫ വിലക്കിയതിനെ തുടർന്ന് എഎഫ്സി വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പിനായി ഉസ്‌ബെക്കിസ്ഥാനിലെത്തിയ ഗോകുലം കേരളയുടെ വനിതാ ടീം അംഗങ്ങൾ താഷ്‌കന്റിൽ കുടുങ്ങി. താഷ്‌കെന്റിൽ എത്തിയശേഷമാണ് മാധ്യമങ്ങളിലൂടെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെ ഫിഫ വിലക്കിയ വാർത്ത ടീം അധികൃതർ അറിയുന്നത്. 16ന് പുലർച്ചെയാണ് കോഴിക്കോട് നിന്ന് ഗോകുലം വനിതാ ടീം ഉസ്‌ബെക്കിസ്ഥാനിലെത്തിയത്.
ടീം അംഗങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കാനായി താഷ്‌കെന്റിൽ എത്തിയശേഷമാണ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെ ഫിഫ വിലക്കിയ വിവരം അറിയുന്നത്. ഇതോടെ ഗോകുലത്തിന് ടൂർണമെന്റിൽ പങ്കെടുക്കാനാവില്ലെന്ന് സംഘാടകർ നിലപാടെടുത്തു. വനിതാ ടീം അംഗങ്ങൾ എന്തു ചെയ്യണമെന്നറിയാത്ത പ്രതിസന്ധിയിലാണ്.
ഗോകുലത്തിന്റെ വനിതാ ടീം അംഗങ്ങൾ താഷ്‌കന്റിൽ കുടുങ്ങിയെന്നും ഫെഡറേഷനെതിരെയുള്ള ഫിഫ വിലക്ക് നീക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടണമെന്നും എന്നാൽ മാത്രമെ ടീമിന് എഎഫ്സി കപ്പിൽ മത്സരിക്കാനാവു എന്നും വ്യക്തമാക്കി ഗോകുലം കേരളം ട്വിറ്ററിൽ പ്രസ്താവന പുറത്തിറക്കിയിരുന്നു.
ഫിഫ വിലക്കിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഒരു ക്ലബ്ബിനും ടൂർണമെന്റിൽ പങ്കെടുക്കാനാവില്ലെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയോടും ബന്ധപ്പെട്ട അധികൃതരോടും ഫിഫ വിലക്ക് നീക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെടുകയാണ്. ഇതുവഴി ഇന്ത്യയിലെ ചാമ്പ്യൻ ക്ലബ്ബിന് എഎഫ്സി കപ്പിൽ മത്സരിക്കാനും അവസരം ലഭിക്കും.
ഇന്ത്യയെ ലോകത്തിലെ വൻശക്തിയാക്കണമെന്നും ലോകത്തെ ഒന്നാം നമ്പർ രാജ്യമാക്കക്കണമെന്നതും നമ്മുടെ പ്രധാനമന്ത്രിയുടെ സ്വപ്നമാണ്. വനിതാ ഫുട്‌ബോളിന് രാജ്യത്ത് സ്വാധീനമുണ്ടാക്കിയ ചാമ്പ്യൻ ക്ലബ്ബാണ് ഗോകുലം. ഇത്തരം അപ്രതീക്ഷിത വിലക്കുകൾ നമ്മുടെ രാജ്യത്തെ ലോകത്തെ ഒന്നാം നമ്പറാക്കുന്നതിലും ഇന്ത്യയെ വനിതാ ഫുട്‌ബോളിലെ ഏഷ്യയിലെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ്. അതുകൊണ്ട് പ്രധാനമന്ത്രി അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടണമെന്ന് ഗോകുലം കേരള പ്രസ്താവനയിൽ പറഞ്ഞു.
എഎഫ്സി എഎഫ്സി വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി ഗോകുലത്തിന്റെ 23 അംഗ വനിതാ ടീമാണ് താഷ്‌കെന്റിലുള്ളത്. 26ന് ഇറാനിയൻ ക്ലബ്ബ് ബാം ഖാടൂൺ എഫ്സിയെ ആയിരുന്നു ഗോകുലം നേരിടേണ്ടിയിരുന്നത്.
സ്പോർട്സ് ഡെസ്ക്