ദുബായ്: ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷനു ഫിഫ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ മൽസരങ്ങൾ റദ്ദാക്കി. യുഎഇയിൽ നടക്കേണ്ടിയിരുന്ന മൂന്ന് സന്നാഹ മത്സരങ്ങളാണ് റദ്ദാക്കിയത്. ഇക്കാര്യം കേരള ബ്ലാസ്റ്റേഴ്‌സാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

യു.എ.ഇയിൽ ഓഗസ്റ്റ് 20 മുതൽ 28 വരെ നടക്കേണ്ട മത്സരങ്ങളാണ് റദ്ദാക്കിയത്. പരിശീലകൻ ഇവാൻ വുകുമിനോവിചിന്റെ നേതൃത്വത്തിൽ 26 അംഗ സംഘം ദുബായിൽ എത്തിയ ശേഷമാണ് മത്സരങ്ങൾ റദ്ദാക്കിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികളായ ദുബായ് അൽ നാസ്ർ ക്ലബ്, ദിബ്ബ എഫ്.സി, ഹത്ത ക്ലബ്ബ് എന്നിവക്ക് ഇത് സംബന്ധിച്ച് യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ കത്ത് നൽകിയിരുന്നു. മത്സരം നടന്നില്ലെങ്കിലും ദുബായിലെ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി പരിശീലനം നടത്തുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ഇന്ത്യൻ ഫുട്‌ബോളുമായി സഹകരിക്കരുതെന്ന് അംഗരാജ്യങ്ങൾക്ക് ഫിഫ മുന്നറിയിപ്പ് നൽകിയതോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്ലബ് മൽസരങ്ങൾ റദ്ദാക്കേണ്ടി വന്നത്. ഐഎസ്എലിനു മുന്നോടിയായി യുഎഇയിലെ മൂന്നു ക്ലബ്ബുകളുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ മൽസരങ്ങൾ നിശ്ചയിച്ചിരുന്നത്.

മത്സരങ്ങൾക്കായി ദുബായിൽ എത്തിയ ടീമിന് ആരാധകർ വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണമാണ് നൽകിയത്. മത്സരങ്ങൾ റദ്ദാക്കിയെങ്കിലും ടീം ദുബായിൽത്തന്നെ തുടരുമെന്ന് ബ്ലാസ്റ്റേഴ്‌സ് പ്രസ്താവനയിൽ അറിയിച്ചു. ഐഎസ്എൽ സീസണിനു മുന്നോടിയായി ടീമിന് ആവശ്യമായ പരിശീലന മത്സരങ്ങൾ ഉറപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് പ്രസ്താവനയിലുള്ളത്.

ഓഗസ്റ്റ് 20ന് ദുബായ് അൽ മക്തൂം സ്‌റ്റേഡിയത്തിൽ അൽ നസ്ർ ക്ലബ്ബ്, 25ന് ഫുജൈറ ദിബ്ബ സ്‌റ്റേഡിയത്തിൽ ദിബ്ബ എഫ്.സി, 28ന് ഹത്ത സ്‌റ്റേഡിയത്തിൽ ഹത്ത ക്ലബ്ബ് എന്നിവർക്കെതിരെയാണ് മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. ഇതിനായുള്ള ടിക്കറ്റ് വിൽപന സജീവമായിരുന്നു. ആദ്യ മത്സരത്തിൽ 15,000, അടുത്ത മത്സരങ്ങളിൽ 10000, 5000 കാണികളെ വീതം പ്രവേശിപ്പിച്ച് മത്സരം നടത്താനായിരുന്നു പദ്ധതി. മത്സരം ഉപേക്ഷിച്ചതോടെ ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുന്നതടക്കുമുള്ള നടപടികൾ സ്വീകരിക്കേണ്ടി വരും.

ബ്ലാസ്‌റ്റേഴ്‌സ് ടീം ബുധനാഴ്ച രാവിലെ 11.30ന് ദുബൈ വിമാനത്താവളത്തിൽ എത്തിയിരുന്നു. ക്ലബ്ബിന്റെ ഔദ്യോഗിക ഫാൻസ് വിഭാഗമായ മഞ്ഞപ്പട ഉൾപെടെ ആരാധകർ ആർപ്പുവിളിയോടെയാണ് ടീമിനെ വരവേറ്റത്. കഴിഞ്ഞ തവണ കൈയകലെ നഷ്ടമായ കിരീടം വീണ്ടെുക്കാമെന്ന പ്രതീക്ഷയോടെ കടുത്ത പരിശീലനം ലക്ഷ്യമിട്ടാണ് ടീം എത്തിയത്.