മുട്ടം: റബർ പാലുമായി പോയ ലോറി നിയന്ത്രണം വിട്ട് 40 അടി താഴ്ചയിലേക്കു മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്‌നാട് നാമക്കൽ സ്വദേശി സെന്തിൽകുമാർ (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹായി ജയ് (21) ഗുരുതര പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ്. മുട്ടം പഞ്ചായത്ത് പടിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ഇവര് സഞ്ചകിച്ച ലോറി നിയന്ത്രണം വിട്ട് അപകടം ഉണ്ടായത്.

കാഞ്ഞിരപ്പള്ളിയിൽ നിന്നും ഗുജറാത്തിലേക്ക് റബർ പാലുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നു ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. മരുതുംകല്ലേൽ വിജയന്റെ വീട്ടുമുറ്റത്തേക്കാണു ലോറി മറിഞ്ഞത്.

98 വീപ്പകളിലായി 20 ടൺ പാലാണ് ലോറിയിൽ ഉണ്ടായിരുന്നത്. ലോറിയിലുണ്ടായിരുന്ന പതിനഞ്ചോളം വീപ്പകൾ പൊട്ടി റബർ പാൽ ചോർന്നൊലിച്ചു. പാൽ കട്ടിയാകാതിരിക്കാൻ ചേർക്കുന്ന അമോണിയയുടെ രൂക്ഷഗന്ധം രക്ഷാപ്രവർത്തനം ദുർഘടമാക്കി. മാസ്‌ക് ഉപയോഗിച്ചാണ് രക്ഷാപ്രവർത്തകർ സ്ഥലത്തുനിന്നത്.