കൊല്ലം: കുടുംബശ്രീയിൽ സ്ത്രീകൾ തമ്മിലുണ്ടായ തർക്കം ഭർത്താക്കന്മാർ ഏറ്റെടുത്തതോടെ ചേരി തിരിഞ്ഞുള്ള സംഘർഷത്തിൽ കലാശിച്ചു. പൂതക്കുളത്ത് കുടുംബശ്രീ പ്രവർത്തകർ തമ്മിലുള്ള തർക്കമാണ് ഭർത്താക്കന്മാർ ഏറ്റെടുത്തതും ഒടുവിൽ പൊലീസ് കേസിലും ആശുപത്രി വാസത്തിലും അവസാനിച്ചത്. ഭർത്താക്കന്മാർ ചേരിതിരിഞ്ഞുണ്ടായ ആകമണങ്ങളിൽ രണ്ടുപേരെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഇടയാടി കായലരികത്തുവീട്ടിൽ സുഭാഷ് (29), ഈഴംവിള കവിതാവിലാസത്തിൽ ഷാജി (39) എന്നിവരെയാണ് ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഒരുമാസംമുമ്പ് കുടുംബശ്രീയിലെ അയൽവാസികളായ രണ്ടു സ്ത്രീകൾ തമ്മിൽ ആരംഭിച്ച തർക്കം ഭർത്താക്കന്മാർ ഏറ്റെടുക്കുക ആയിരുന്നു. ഇതോടെ ഭർത്താക്കന്മാരും സുഹൃത്തുക്കളും ചേരിതിരിഞ്ഞ് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു.

കഴിഞ്ഞദിവസം ഇരുകൂട്ടരും അങ്കണവാടിക്കുസമീപം ഏറ്റുമുട്ടി. ആക്രമണത്തിൽ ൂന്നു സ്ത്രീകളുൾപ്പെടെ പത്തോളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സതേടിയിരുന്നു. രണ്ട് കേസുകളിലായി 10 പേർക്കെതിരേയാണ് കേസെടുത്തത്. എസ്‌ഐ.മാരായ നിതിൻ നളൻ, എ.ഗോപകുമാർ, എഎസ്ഐ. പ്രദീപ്, സി.പി.ഒ.മാരായ സായിറാം, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.