മലപ്പുറം: ബേക്കറിയിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ കാശൊന്നും കിട്ടാതായപ്പോൾ അവിടുണ്ടായിരുന്ന മധുര പലഹാരങ്ങൾ ആറു ചാക്കുകളിലാക്കി കൊണ്ടുപോയി. താനാളൂരിലെ പകരയിൽ അധികാരത്ത് അഹമ്മദിന്റെ അസ്ലം ബേക്കറിയിലാണ് മധുര മോഷണം നടന്നത്. മോഷണം നടത്തിയ ജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ അഹമ്മദ് അസ്ലമിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.

മൊത്തം 35,000 രൂപ വിലവരുന്ന പലഹാരങ്ങളാണ് അസ്ലം കടത്തിക്കൊണ്ടുപോയത്. പണം കിട്ടാതെ നിരാശനായപ്പോഴാണ് ഹൽവ, ബിസ്‌കറ്റ്, ഈത്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റും തിരഞ്ഞെടുത്ത് ചാക്കിലാക്കി കടന്നത്. പ്രതിയെ 24 മണിക്കൂറിനകം വേങ്ങരയിൽവച്ച് പൊലീസ് സംഘം പിടിച്ചു. കഴിഞ്ഞ ദിവസം രാത്രി 12നും പുലർച്ചെ 1.30നും ഇടയ്ക്കാണ് മോഷണം നടന്നത്.

കടയുടെ ഗ്രിൽ തകർത്ത് അകത്തു കയറിയാണ് മോഷണം നടത്തിയത്. ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തിയിരുന്നു. നമ്പർ വ്യക്തമല്ലെങ്കിലും അന്വേഷണ സംഘം മേഖലയിലെ ഇരുനൂറോളം ഓട്ടോകൾ പരിശോധിച്ചു. ഓട്ടോ ഡ്രൈവറായ പ്രതി മുഖം മറച്ചാണ് കടയുടെ അകത്തു കയറിയത്.

മിക്കതും വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. എസ്‌ഐ ആർ.ബി.കൃഷ്ണലാൽ, സീനിയർ സിപിഒമാരായ കെ.സലേഷ്, മുഹമ്മദ് കുട്ടി, സിപിഒമാരായ അഭിലാഷ്, ലിബിൻ, അനൂപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.