മുംബൈ: മുംബൈയിലെ ബോറിവലിയിൽ നാലുനില കെട്ടിടം തകർന്നുവീണു. ഇന്ന് ഉച്ചയോടെയാണ് അപകടം. ആളൊഴിഞ്ഞതും പഴകിപൊളിഞ്ഞതുമായ കെട്ടിടമാണ് നിലംപതിച്ചത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ബൃഹന്മുംബൈ മുനിസിപ്പൽ കോർപറേഷനാണ് വിവരങ്ങൾ പുറത്ത് വിട്ടത്.

അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പടിഞ്ഞാറൻ ബോറിവാലിയിലെ സായിബാബ നഗറിലെ ക്ഷേത്രത്തിന് സമീപമുള്ള ഗീതാഞ്ജലി കെട്ടിടമാണ് തകർന്നുവീണത്.

കെട്ടിടത്തിന്റെ ജീർണത കണക്കിലെടുത്ത് നേരത്തെ തന്നെ അവിടെയുള്ളവരെ മാറ്റിയതായി ബിഎംസി അധികൃതർ പറഞ്ഞു.കെട്ടിടം തകർന്നതിന് പിന്നാലെ എട്ട് ഫയർ എൻജിനുകളും അഗ്‌നിശമനസേനാംഗങ്ങളും സ്ഥലത്തെത്തി.

കെട്ടിടം തകർന്ന് വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആളുകൾ നോക്കി നിൽക്കെ വലിയ ശബ്ദത്തോടെ കെട്ടിടം തകർന്ന് വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ റോഡിലേക്കും പതിക്കുന്നുണ്ട്.