ന്യൂഡൽഹി: എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിന്റെ പേരിൽ ബലാത്സംഗ കേസിലെ പ്രതിയെ വെറുതെ വിട്ട മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. സാമാന്യയുക്തിക്കു മനസ്സിലാവാത്തതാണ് ഹൈക്കോടതി വിധിയെന്ന വിമർശനത്തോടെയാണ്, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ജെബി പർദിവാല എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.

ഹൃദയഭേദകമായ വിവരങ്ങളാണ് ഈ കേസിലുള്ളതെന്ന ബെഞ്ച് വിലയിരുത്തി. ഇങ്ങനെയൊരു കേസിൽ പ്രതിയെ വെറുതെവിട്ട ഹൈക്കോടതി നടപടി വഴിപിഴച്ച നീതിനടത്തിപ്പായി മാത്രമേ കാണാനാവൂ. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്ന പേരിൽ ബലാത്സംഗ കേസ് പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധി വേറെയുണ്ടാവില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിനാൽ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നതെല്ലാം സംശയാസ്പദമാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. കീഴ്ക്കോടതി വിധികൾക്കെതിരായ അപ്പീലുകൾ പരിഗണിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ നിയമത്തിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്റെ തെളിവുകൾ വിശ്വസനീയമാണോ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നു കരുതാൻ പര്യാപ്തമാണോയെന്നെല്ലാം പരിശോധിക്കേണ്ടതുണ്ട്- കോടതി ചൂണ്ടിക്കാട്ടി.