- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിൽ ചങ്ങലയിൽ കെട്ടിയിട്ട് കത്തിക്കരിഞ്ഞ നിലയിൽ ആദിവാസി യുവാവിന്റെ മൃതദേഹം; ചിന്നക്കനാലിൽ 301 കോളനിയിൽ മൃതദേഹം കണ്ടെത്തിയത് വീടിന്റെ ജനലുമായി ബന്ധിപ്പിച്ച നിലയിൽ; ഇന്ധന കുപ്പിയും ലൈറ്ററും സമീപം
തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ ആദിവാസി യുവാവിന്റെ മൃതദേഹം ചങ്ങലയിൽ കെട്ടിയിട്ട് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചിന്നക്കനാലിൽ 301 കോളനിയിലെ തരുൺ(21) ആണ് മരിച്ചത്. ചങ്ങല ഉപയോഗിച്ച് വീടിന്റെ ജനൽ കമ്പിയുമായി ചേർത്ത് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
തരുണിന്റെ വീടിന്റെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായ് ഒരു വടിയും ഇരിപ്പുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇന്ധനം കൊണ്ടുവന്നതെന്ന് കരുതുന്ന ഒരു കുപ്പിയും ലൈറ്ററും സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയാണ്.
ശനിയാഴ്ച ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പൊലീസ് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം ചെയ്യും. സംഭവത്തിൽ അസ്വാഭാവികത ഉള്ളതായതും ദുരൂഹത ഉണർത്തുന്നതായും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 9 മണിയോടെ തരുൺ മേഖലയിലൂടെ അമിതവേഗതയിൽ സ്‌കൂട്ടർ ഓടിച്ച് പോകുന്നത് കണ്ടതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം യുവാവിനെ കണ്ടിട്ടില്ലെന്നും പറയപ്പെടുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ശാന്തൻപാറ പൊലീസ് അറിയിച്ചു
മറുനാടന് മലയാളി ബ്യൂറോ