പട്‌ന: ഔദ്യോഗിക യോഗങ്ങളിൽ സഹോദരി ഭർത്താവിനെ പങ്കെടുപ്പിച്ച ബിഹാർ മന്ത്രി തേജ് പ്രതാപ് യാദവ് വിവാദത്തിൽ. വനം പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റ തേജ് പ്രതാപ് വിളിച്ചുചേർത്ത രണ്ട് ഔദ്യോഗിക യോഗങ്ങളിലാണ് 'അളിയൻ' ശൈലേഷ് കുമാർ പങ്കെടുത്തത്. വിവാദമായതോടെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ലാലു യാദവിന്റെ മൂത്ത മകളും രാജ്യസഭാംഗവുമായ മിസ ഭാരതിയുടെ ഭർത്താവാണ് ശൈലേഷ് കുമാർ.

മന്ത്രിയായി ചുമതലയേറ്റ ശേഷം തേജ് പ്രതാപ് യാദവ് ആദ്യമായി വിളിച്ചുചേർത്ത വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിന്റെ വിഡിയോയിൽ ഉദ്യോഗസ്ഥർക്കിടയിൽ ശൈലേഷ് കുമാറിനെയും കാണാം. അതിനു ശേഷം മലിനീകരണ നിയന്ത്രണ ബോർഡിന്റെ യോഗത്തിൽ മന്ത്രിയുടെ തൊട്ടടുത്ത കസേരയിൽ അളിയനുമുണ്ട്.

ഭരണത്തിൽ ലാലു കുടുംബാംഗങ്ങൾ നടത്തുന്ന അനധികൃത ഇടപെടലിനെ കുറിച്ചു മുഖ്യമന്ത്രി നിതീഷ് കുമാർ ബിഹാറിലെ ജനങ്ങളോടു വിശദീകരിക്കണമെന്നു ബിജെപി നേതാവ് സുശീൽ മോദി ആവശ്യപ്പെട്ടു. ലാലു യാദവിന്റെ മരുമകൻ യോഗത്തിൽ പങ്കെടുക്കുക മാത്രമല്ല യോഗം നടത്തിക്കുകയും ചെയ്‌തെന്നു സുശീൽ മോദി ആരോപിച്ചു. മന്ത്രിയുടെ ചുമതലകൾ തേജ് പ്രതാപ് യാദവ് അളിയനെ ഏൽപിച്ചിരിക്കുയാണെന്നും അദ്ദേഹം പരിഹസിച്ചു.

ആർജെഡി ടിക്കറ്റിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാകാൻ ശൈലേഷ് കുമാർ നേരത്തേ ശ്രമം നടത്തിയിരുന്നു. മിസ ഭാരതിക്കു പുറമേ തേജ് പ്രതാപ് യാദവും ശൈലേഷ് കുമാറിന്റെ സ്ഥാനാർത്ഥിത്വത്തിനായി സമ്മർദം ചെലുത്തി. തേജസ്വി യാദവിന്റെ എതിർപ്പു കാരണമാണു ശൈലേഷിനു സ്ഥാനാർത്ഥിത്വം നഷ്ടമായത്.