ന്യൂയോർക്ക്: വിസ്മയകാഴ്ചകളുടെ അപൂർവ ഖനിയാണ് നമുക്ക് ചുറ്റുമുള്ള ലോകം. കാണാൻ മനസ് വയ്ക്കണമെന്ന് മാത്രം. എന്നും നാം വിസ്മയത്തോടെ നോക്കി നിൽക്കുന്ന പ്രതിഭാസമാണ് അറോറ. ആകാശത്തിലെ മനോഹരമായ ലൈറ്റ് ഷോ. കണ്ണിന് വിരുന്നാകുന്ന ഈ പ്രതിഭാസത്തെ രണ്ടുതരത്തിൽ വിളിക്കാറുണ്ട്. ഉത്തരധ്രുവത്തിന് അടുത്താണ് നിങ്ങളെങ്കിൽ അറോറ ബോറിയാലിസ് എന്നും, ദക്ഷിണ ധ്രുവത്തിന് അടുത്താണങ്കിൽ അറോറ ഓസ്‌ട്രോലിസ് എന്നും. രാത്രിയിലാണ് ഇവ കാണുന്നതെങ്കിലും യഥാർത്ഥത്തിൽ സൂര്യനാണ് കാരണഭൂതൻ. ഇനി സംഭവത്തിലേക്ക് വരാം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഒരു ബഹിരാകാശ സഞ്ചാരി ഈ പ്രതിഭാസത്തിന്റെ അപൂർവ സുന്ദര ചിത്രങ്ങൾ പകർത്തി.

സൂര്യന്റെ ഉപരിതലത്തിൽ ഉണ്ടായ സൗര സ്‌ഫോടനങ്ങൾ ഭൂമിയുടെ കാന്തിക മണ്ഡലത്തിലും പ്രതിഫലിക്കാറുണ്ട്. അത്തരത്തിലുള്ള നേരിയ ഭൂകാന്തിക കൊടുങ്കാറ്റിന്റെ ഭാഗമാണ് അറോറ എന്ന പ്രതിഭാസം. നാസയുടെ ബോബ് ഹൈൻസാണ് ഈ വിസ്മയ ലൈറ്റ് ഷോ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് പകർത്തിയത്. ഉത്തരധ്രുവദീപ്തിയാണ് ബോബ് പകർത്തിയത്. ബോറിയാലിസ് അഥവാ ഉത്തരധ്രുവ ദീപ്തി, പച്ച, ചുവപ്പ് തുടങ്ങിയ നിറങ്ങളിൽ പ്രത്യക്ഷമാകാറുണ്ട്. ഈ ദീപ്തി പ്രസരണം ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കാം. ഉത്തരധ്രുവ മേഖലാ പ്രദേശങ്ങളിൽ പ്രകൃതി ഒരുക്കുന്ന ഈ ' ലൈറ്റ് ഷോ ' കാണാൻ സഞ്ചാരികളുടെ പ്രവാഹമാണ്. ഏപ്രിലിൽ സ്‌പേസ് എക്‌സ് ക്രൂ-4 ദൗത്യത്തിന്റെ ഭാഗമായി എത്തിയതാണ് ബോബ് ഹൈൻസ്. 'ഇന്ന് വളരെ വർണശബളമായ അറോറ', ബോബ് ട്വീറ്റ് ചെയ്തു.

ബഹിരാകാശ സഞ്ചാരികൾക്ക് അന്താരാഷ്ട്ര നിലയത്തിൽ നിന്ന് ഈ ലൈറ്റ് ഷോയുടെ സുന്ദര ദൃശ്യം കാണാവുന്നത് പോലെ ഭൂമിയിൽ നിന്നും കാഴ്ച കാണാവുന്നതാണ്. അലാസ്‌ക, കാനഡ, ഐസ്ലാൻഡ, ഗ്രീൻലാൻഡ്, നോർവെ, സ്വീഡൻ, ഫിൻലൻഡ് എന്നിവിടങ്ങളിൽ ഈ കാഴ്ച കാണാം. ദക്ഷിണഭാഗത്ത് താസ്മാനിയയിലും ന്യൂസിലൻഡിലും വളരെ നന്നായി അറോറ പ്രതിഭാസം കാണാൻ കഴിയും. നാം ഭൂമിയിൽ നിന്ന് കാണുന്നതിൽ നിന്ന് വ്യത്യസ്തമായിരിക്കും ആകാശത്ത് നിന്ന് അല്ലെങ്കിൽ ബഹിരാകാശത്ത് നിന്നുള്ള കാഴ്ച എന്നും ഓർക്കേണ്ടതുണ്ട്.

സൂര്യനിൽ നിന്നുമുള്ള ഊർജ്ജ കണങ്ങളിൽ ചിലതു ഭൂമിയുടെ കാന്തികവലയത്തിൽ എത്തിപ്പെടുകയും ഭൗമാന്തരീക്ഷത്തിലെ വാതകങ്ങളുമായി കൂട്ടിയിടിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഫോട്ടോണുകളാണ് ഈ പ്രകാശത്തിനു പിന്നിലെന്നാണ് ശാസ്ത്രജ്ഞർ പറയുക.

അറോറ ബൊറിയാലിസ് എന്ന പദത്തിന്റെ ശാസ്ത്രീയമായ അർഥം 'ആർട്ടിക് പ്രഭാതം' എന്നാണ്. കൗതുകകരമായ പ്രാദേശിക കെട്ടുകഥകളും വിശ്വാസങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ട്. കുറുക്കന്റെ വാലിൽ നിന്നും വരുന്ന കുറുക്കൻ തീയാണീ പ്രകാശമെന്നും അതല്ല പൂർവ്വികർ, രോഷാകുലരായ ദൈവങ്ങൾ, മരിച്ച ശത്രുക്കൾ എന്നിവർ പുറപ്പെടുവിക്കുന്ന അഗ്‌നികളാണിതെന്നുമുള്ള പലവിധത്തിലുള്ള കാൽപനിക കഥകളുമുണ്ട്. എന്തായാലും ഈ ലൈറ്റ് ഷോ ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് മോഹിച്ച് പോകുന്നത് തന്നെ സന്തോഷമുള്ള കാര്യം