ഡബ്ലിൻ: രാജ്യത്ത് ഉണ്ടായേക്കാവുന്ന ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രതിവിധികൾ മുൻകൂട്ടി കണ്ട് സർക്കാരും,വെദ്യുത വിതരണകമ്പനികളും നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഊർജ ഉപഭോഗം കുറയ്ക്കാനുള്ള മാർഗങ്ങൾ പൊതു സമൂഹത്തിൽ നിന്നും കൊമേഴ്‌സൽ ഉപഭോക്താക്കളോടും ആരാഞ്ഞുകൊണ്ടുള്ള കൺസൾട്ടേഷനും ആരംഭിച്ചു. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന അഭിപ്രായ സ്വരൂപണത്തിന് ശേഷം സെപ്റ്റംബർ അവസാനത്തോടെ വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചേക്കും എന്നാണ് സൂചനകൾ.

രണ്ടാഴ്ചത്തെ പബ്ലിക് കൺസൾട്ടേഷൻ നടത്തുമെങ്കിലും, ഒക്ടോബർ 1 മുതൽ താരിഫുകളിൽ മാറ്റം വരുത്തും.വൈകുന്നേരം 5 മണി മുതൽ 7 മണി വരെയുള്ള സമയങ്ങളിൽ വൈദ്യുതി ഉപയോഗിക്കുന്നതിന് വൈദ്യുതി വിതരണ കമ്പനികൾ ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കിയേക്കാം.അതേ പോലെ തന്നെ വൈദ്യുതി വിതരണത്തിൽ ഭാഗീകമായ തോതിലെങ്കിലും നിയന്ത്രണവും ഏർപ്പെടുത്തിയേക്കാമെന്ന സൂചനകൾ അയർലണ്ടിലെ വൈദ്യുതി ഉപഭാക്താക്കൾ ആശങ്കയോടെയാണ് സ്വീകരിക്കുന്നത്.

അയർലണ്ടിൽ പ്രവർത്തനം ആരംഭിച്ച ഡാറ്റാ സെന്ററുകളാണ് ഒരു പരിധി വരെ ആകെയുള്ള ഊർജ്ജ സ്രോതസുകൾ കൂടുതലായി ഉപയോഗിക്കപ്പെടാൻ കാരണമാവുന്നത്.കഴിഞ്ഞ വർഷത്തെ ഊർജ്ജ ഉപയോഗത്തിന്റെ 70% വളർച്ചയ്ക്ക് ഉത്തരവാദികളായ ഡാറ്റാ സെന്ററുകൾ പോലുള്ള വലിയ ഊർജ്ജ ഉപയോക്താക്കളിൽ നിന്നാണ് ഊർജ്ജ ആവശ്യകതയിൽ വർദ്ധനവുണ്ടായതെന്നാണ് കണക്കുകൾ.