ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾ ഏറെ ആവേശത്തോടെ വരവേൽക്കാൻ കാത്തിരുന്ന മലയാളം സിനിമ 'ലോക്ഡ് ഇൻ' (Locked In) നാളെ ഓഗസ്റ്റ് 20 ശനി ഉച്ചക്ക് ശേഷം 3:30 -നും 7:10 -നും പ്രദർശനത്തിനെത്തുന്നു. റിലീസ് ചെയ്യുന്ന ദിവസം ന്യൂയോർക്കിലെ തിയേറ്ററിൽ മാത്രമാണ് പ്രദർശിപ്പിക്കുന്നത്. ലോങ്ങ് ഐലൻഡ് ബെൽമോറിലുള്ള ബെൽമോർ പ്ലേയ് ഹൗസിൽ (525 Bedford Ave, Bellmore, NY 11710) യൂണിവേഴ്‌സൽ മൂവീസാണ് സിനിമ പ്രദർശനത്തിനെത്തിക്കുന്നത്. ശനി 3:30-ന് നടക്കുന്ന പ്രാരംഭ പ്രദർശനത്തിൽ സിനിമയിലെ അഭിനേതാക്കളും മറ്റു അണിയറ പ്രവർത്തകരും സിനിമ ദർശിക്കാൻ തിയേറ്ററിൽ എത്തുന്നതാണ്.

ന്യൂ ജേഴ്‌സിയിലെ ബെർഗെൻഫീൽഡ് സിനിമാസിൽ (58 S Washington Ave, Bergenfield, NJ 07621) 21 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് സിനിമ പ്രദർശിപ്പിക്കുന്നതാണ്. ബെൽമോറിലെ തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന മറ്റു ദിവസങ്ങളിലെ സമയ ക്രമം: 21 - ഞായർ 8:00 PM; 22 തിങ്കൾ മുതൽ 25 വ്യാഴം വരെ എല്ലാ ദിവസവും 7:15 PM.

ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലുമുള്ള കലാകാരന്മാർ അഭിനയിച്ചിട്ടുള്ളതും ധാരാളം ഉദ്വേഗജനകമായ നിമിഷങ്ങൾ സമ്മാനിക്കുന്നതുമായ ഒന്നര മണിക്കൂർ മുഴുനീള ചിത്രം ന്യൂയോർക്കിൽ തന്നെ ചിത്രീകരിച്ചട്ടുള്ളതാണ്.

ഏതാനും വർഷങ്ങൾക്കു മുമ്പ് അമേരിക്കയിൽ നടന്ന ഒരു സംഭവം ആസ്പദമാക്കി രൂപീകരിക്കപ്പെട്ട ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗത സംവിധായകനും ന്യൂയോർക്കിലെ അറിയപ്പെടുന്ന ഗായകനും കലാകാരനുമായ ശബരീനാഥ് നായരാണ്. ന്യൂയോർക്കിന്റെയും ന്യൂജേഴ്‌സിയുടെയും പശ്ചാത്തലത്തിൽ ഛായഗ്രഹണം നടത്തിയത് പ്രശസ്ത ക്യാമെറാമാൻ ജോൺ മാർട്ടിനാണ്.

റൊമാൻസും കൊലപാതകവും കുറ്റാന്വേഷണവും എല്ലാം സമ്മിശ്രമായി ഉൾക്കൊള്ളുന്ന ഈ സിനിമയിൽ മുഖ്യ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഷാജി എഡ്വേഡ്, സവിത റാവു, ഹാനാ അരീച്ചിറ, ആൽബിൻ ആന്റോ, സണ്ണി കല്ലൂപ്പാറ എന്നീ അഭിനേതാക്കളോടൊപ്പം ഹോളിവുഡ് നടൻ ജോയൽ റാറ്റ്‌നറും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരിലാൽ നായർ നിർമ്മാണവും ക്യാമറാമാൻ ജോൺ മാർട്ടിൻ ഛായാഗ്രഹണവും നിർവഹിച്ച സിനിമയുടെ പ്രൊജക്റ്റ് ഡിസൈനർ അജിത് എബ്രഹാം എന്ന അജിതുകൊച്ചൂസാണ്.

മലയാളത്തിന്റെ വാനമ്പാടിയായ കെ. എസ്. ചിത്ര ആലപിച്ച 'മുകിലേ ചാരെ വന്നു.....' എന്ന ഈ സിനിമയിലെ ഗാനം സംഗീത പ്രേമികളുടെയിടയിൽ വലിയ തരംഗമായിരിക്കുകയാണ്. എത്ര കേട്ടാലും മതിവരാത്ത ഈ ഗാനത്തിന്റെ വരികൾ രചിച്ചത് സിജു തുറവൂരും സംഗീത സംവിധാനം നിർവഹിച്ചത് ഗായകൻ കൂടിയായ ശബരീനാഥുമാണ്. എഴുപതു-എൺപതുകളിലെ മലയാള സിനിമാ നിർമ്മാതാവായിരുന്ന തിരുവനന്തപുരം മുല്ലശ്ശേരിൽ മുകുന്ദന്റെ മകനായ ശബരീനാഥ് ന്യൂയോർക്ക് പ്രദേശത്തെ അറിയപ്പെടുന്ന ഒരു ഗായകനാണ്.

ഉദ്വേഗ നിർഭരമായ നിരവധി സീനുകൾ ഉള്ള ഈ സിനിമാ കണ്ടാസ്വദിക്കുവാൻ ലഭിച്ചിരിക്കുന്ന ഈ സുവർണാവസരം എല്ലാ മലയാളികളും വിനിയോഗിക്കണമെന്ന് സിനിമാ നിർമ്മാതാവ് ഹരിലാൽ നായർ അഭ്യർത്ഥിച്ചു. എല്ലാവരും കാണുവാൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയുടെ ടിക്കറ്റ് ഓൺലൈനിൽ ഈ ലിങ്കിലൂടെ ലഭിക്കുന്നതാണ്

https://www.fandango.com/locked-in-2021-224721/movie-overview

സിനിമയുടെ ട്രൈലെർ ഈ ലിങ്കിൽ ലഭ്യമാണ് https://youtu.be/m7uet1aM_40