ഗോഹ്പൂർ: അസ്സമിൽ നവജാത ശിശുവിനെ 6000 രൂപയ്ക്ക് പിതാവ് വിറ്റു. അസമിലെ ബിശ്വനാഥ് ജില്ലയിലെ ഗോഹ്പൂർ മേഖലയിലാണ് സംഭവം. അന്വേഷണത്തിൽ മൂന്ന് പേർ പിടിയിലായി.

തന്റെ മകനും മരുമകൾക്കും കുഞ്ഞ് പിറന്നെന്നും കുട്ടി മരണപ്പെട്ടെന്നും ആരോപിച്ച് ഗോഹ്പൂർ മേഖലയിലെ മഗോണി കച്ചാരി സ്വദേശി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പണം വാങ്ങി വിറ്റതാണെന്ന് പൊലീസ് കണ്ടെത്തിയത്.

ഓഗസ്റ്റ് 11 ന് ഗോഹ്പൂർ സർക്കാർ ആശുപത്രിയിൽ തന്റെ മരുമകൾ പെൺകുഞ്ഞിന് ജന്മം നൽകിയെന്നും കുഞ്ഞ് മരിച്ചെന്ന് മകൻ പറഞ്ഞെന്നും മഗോണി കച്ചാരി സ്വദേശി പരാതി നൽകിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പൊലീസിൽ പരാതി ലഭിച്ചത്. പൊലീസ് അന്വേഷണത്തിൽ കുഞ്ഞ് ജനിച്ച ഉടനെ തന്നെ മരണപ്പെട്ടതായി കുട്ടിയുടെ പിതാവ് അറിയിച്ചു. സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ പിതാവ് മറ്റൊരാൾക്ക് വിറ്റെന്ന് മനസിലായത്.

യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ ലഖിംപൂർ ജില്ലയിലെ ഒരാൾക്ക് കുഞ്ഞിനെ 6,000 രൂപയ്ക്ക് വിറ്റതായി വെളിപ്പെടുത്തി. തുടർന്ന് പൊലീസ് ലഖിപൂരിലെത്തി നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ കണ്ടെത്തി സുരക്ഷിതമായി തിരിച്ചെത്തിച്ചു. സംഭവത്തിൽ കുട്ടിയുടെ അച്ഛനുൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഗോഹ്പൂർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സുശീൽ കുമാർ ദത്ത ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.