അടിമാലി: സി.ബി.എസ്.ഇ സ്‌കൂൾ വിദ്യാർത്ഥിനിയോട് സ്‌കൂൾ കൗൺസലിംങ് അദ്ധ്യാപകൻ അശ്ലീല സംഭാഷണം നടത്തിയെന്ന് പരാതി. അടിമാലിയിലെ പ്രമുഖ സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് കൗൺസലിംങ് നടത്തിവന്നിരുന്ന തോക്കുപാറ തൈപ്പറമ്പിൽ സോജൻ തോമസിനെതിരെയാണ് പരാതി. കഴിഞ്ഞ ഓഗസ്റ്റ് 15-ന് ഇയാൾ പെൺകുട്ടിയെ ഫോണിൽ വിളിച്ച് വൾഗറായ രീതിയിൽ അശ്ലീലം സംസാരിച്ചുവെന്നാണ് പരാതിൽ പറയുന്നത്. തുടർന്ന് വെള്ളിയാഴ്ച സ്‌കൂളിലെ അദ്ധ്യാപകരോടും കൂട്ടുകാരോടും വിദ്യാർത്ഥിനി സംഭവം വെളിപ്പെടുത്തിയിരുന്നു.

ആഴ്ചയിൽ രണ്ടുദിവസം മാത്രം ജോലിക്കെത്തിയിരുന്ന കൗൺസലിംങ് അദ്ധ്യാപകനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും അദ്ധ്യാപകരും രംഗത്തെത്തി. തുടർന്ന് രേഖാമൂലം പ്രിൻസിപ്പാലിന് പരാതിയും നൽകി.

ഇതിനിടെ മറ്റൊരു സംഭവം അന്വേഷിക്കാൻ സ്‌കൂളിലെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് കുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ച് ചൈൽഡ്ലൈൻ പ്രവർത്തക മടങ്ങിയെങ്കിലും നടപടി ഇഴയുന്നതായും സംഭവം ഒതുക്കി തീർക്കാൻ ശ്രമം നടന്നതായും ആരോപണമുയർന്നു.

രക്ഷിതാക്കൾ തന്നെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. കുട്ടിയിൽ നിന്നും രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി ബി.യു കുര്യാക്കോസ് പറഞ്ഞു.

ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ പൊലീസിന് ഓർഡർ നൽകിയതായി സി.ഡബ്ല്യു.സി ചെയർമാൻ ജയശീലൻ പറഞ്ഞു. ഇതേ സ്‌കൂളിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് മറ്റൊരു അദ്ധ്യാപകൻ സ്‌കൂൾ ബസിൽ പെൺകുട്ടികളുടെ സീറ്റിൽ കയറിയിരുന്ന് മൊബൈൽ സൈറ്റ് കാണിച്ചുവെന്ന പരാതിയിലും അന്വേഷണം നടത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റി നിർദ്ദേശം നൽകിയതായും ചെയർമാൻ പറഞ്ഞു. എന്നാൽ ഈ രണ്ട് പേരുടെയും സ്‌കൂളിലെ ജോലി അവസാനിപ്പിച്ചതായി പ്രിൻസിപ്പൽ പറഞ്ഞു.