പുത്തൻകുരിശ്: അന്തരിച്ച മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡൽഹി, ബാംഗ്ലൂർ മുൻ ഭദ്രാസനാധിപൻ പത്രോസ് മാർ ഒസ്താത്തിയോസിന്റെ (59) കബറടക്ക ശുശ്രൂഷ ഇന്ന്. ഉച്ചതിരിഞ്ഞ് 3.30ന് ഉദയഗിരി വെട്ടിക്കൽ എംഎസ്ഒടി സെമിനാരിയിലെ സെന്റ് അഫ്രേം ചാപ്പലിലാണ് കബറടക്കം. കോയമ്പത്തൂർ കുപ്പുസ്വാമി ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. അസുഖബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു.

മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ മാർ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ അനുശോചിച്ചു. ദുഃഖസൂചകമായി യാക്കോബായ സുറിയാനി സഭയുടെ എല്ലാ പള്ളികളിലും മണി മുഴക്കി കറുത്ത പതാക ഉയർത്തും. ഇന്നു കുർബാനയിൽ പ്രത്യേകം പ്രാർത്ഥന നടത്തുമെന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ അറിയിച്ചു.

തൃശൂർ ഭദ്രാസനത്തിലെ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയപള്ളി ഇടവകാംഗമാണ്. 1963 നവംബർ 12ന് കുന്നംകുളം പുലിക്കോട്ടിൽ കുടുംബത്തിൽ പരേതനായ പി.സി. ചാക്കോയുടെയും ശലോമി ചാക്കോയുടെയും മകനായി ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസവും കോളജ് വിദ്യാഭ്യാസവും കോയമ്പത്തൂരിലായിരുന്നു. മാതാപിതാക്കൾ കോയമ്പത്തൂരിലേക്കു താമസം മാറിയപ്പോൾ അവിടെ സെന്റ് മേരീസ് യാക്കോബായ പള്ളി ഇടവകാംഗമായി.

മദ്രാസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം നേടി. ബാഹ്യകേരള മെത്രാപ്പൊലീത്ത ആയിരുന്ന കാലം ചെയ്ത തോമസ് മാർ തെയോഫിലോസിന്റെ സെക്രട്ടറിയായിരുന്നു. 1993ൽ വെട്ടിക്കൽ എംഎസ്ഒടി സെമിനാരിയിൽ നിന്നു തിയോളജി ബിരുദവും തുടർന്ന് കൊൽക്കത്ത ബിഷപ്‌സ് കോളജിൽ നിന്നു ബിഡിയും ബെംഗളൂരു ധർമാരാം വിദ്യാക്ഷേത്രത്തിൽ നിന്നു തിയോളജിയിൽ മാസ്റ്റർ ബിരുദവും നേടി.

തോമസ് മാർ തിമോത്തിയോസിൽനിന്ന് 1993 ഡിസംബർ 19 ന് കോറൂയോ പട്ടവും 1995 ഓഗസ്റ്റ് 6ന് കശീശ പട്ടവും സ്വീകരിച്ചു. 2006 ജൂലൈ 3ന് വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ മെത്രാപ്പൊലീത്തയായി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ വാഴിച്ചു.