ബ്രിട്ടനിലെ നഴ്സിങ് ജോലി സ്വപ്നം കണ്ട് പ്രയത്നിക്കുന്ന മലയാളി നഴ്സുമാർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഏതാണ്ട് ഒന്നര ലക്ഷത്തിൽ അധികം നഴ്സിങ് ഒഴിവുകളാണ് ബ്രിട്ടനിൽ ഉള്ളത്. ഇതു നികത്താൻ അടിയന്തിരമായി ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും നഴ്സുമാരെ തേടുകയാണ് ബ്രിട്ടൻ. ഇതിനായി പ്രത്യേക റിക്രൂട്ടിങ് സംഘത്തെ ഇതിനോടകം തന്നെ ബ്രിട്ടൻ അയച്ചു കഴിഞ്ഞു. ആയിരക്കണക്കിന് നഴ്സുമാരെയും കെയറർമാരെയും ആണ് ബ്രിട്ടനിലേക്ക് എത്തിക്കുവാൻ ഇവർ ലക്ഷ്യമിടുന്നത്.

ഈ വിന്ററോടെ ബ്രിട്ടനിലെ എൻഎച്ച്എസും സോഷ്യൽ കെയർ സെക്ടറും വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇതു മുൻകൂട്ടി കണ്ടാണ് നേരത്തെ തന്നെ റിക്രൂട്ട്മെന്റ് നടത്താനുള്ള പദ്ധതികൾ ആരംഭിച്ചിരിക്കുന്നത്. കെയർ ഹോമുകളിലെ ഒഴിവുകൾ നികത്താൻ ബ്രിട്ടന് ധാരാളം വിദേശ തൊഴിലാളികളെ ആവശ്യമുണ്ട്. കഴിഞ്ഞ മാസം, ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ, വിദേശ റിക്രൂട്ട്‌മെന്റിലൂടെ ആരോഗ്യ, സാമൂഹിക പരിപാലന ജീവനക്കാരെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാൻ ഉന്നത സിവിൽ സർവീസുകാരോട് ആവശ്യപ്പെട്ടിരുന്നു.

അതിനു പിന്നാലെയാണ് റിക്രൂട്ട് മെന്റ് സംഘത്തെ ഇന്ത്യയിലേക്കും ഫിലിപ്പീൻസിലേക്കും അയക്കുവാനുള്ള തീരുമാനം പുറത്തു വന്നിരിക്കുന്നത്. ബാർക്ലേയുടെ പദ്ധതികൾ അനുസരിച്ച്, ലോകമെമ്പാടുമുള്ള റിക്രൂട്ട്‌മെന്റ് ശക്തിപ്പെടുത്തുന്നതിന് എൻഎച്ച്എസ് മാനേജർമാരെ തന്നെ ഇന്ത്യയിലേക്കും ഫിലിപ്പീൻസിലേക്കും അയച്ചേക്കാം. ഇത് ശൈത്യകാലത്തെ പ്രതിസന്ധിക്ക് മുമ്പായി സാമൂഹിക പരിചരണ സേവനങ്ങൾ ഒരുക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.

സോഷ്യൽ കെയറിൽ ഏകദേശം 1.6 ദശലക്ഷത്തോളം സ്റ്റാഫുകൾ ഉണ്ട്. എന്നാൽ ഏകദേശം 160,000 ഒഴിവുകൾ നികത്തേണ്ടതുണ്ട്. ഈ വർഷം നഴ്‌സിങ് ബിരുദങ്ങളിലെ സ്വീകാര്യത കുറയുന്നത് സ്റ്റാഫിങ് പ്രതിസന്ധി കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വിദേശത്തു നിന്നും നഴ്സുമാരെ എത്തിക്കാതെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുവാൻ സാധിക്കില്ല. 2021നെ അപേക്ഷിച്ച് 1,560 കുറവ് വിദ്യാർത്ഥികളാണ് ഈ വർഷം നഴ്സിങ് കോഴ്‌സുകളിൽ പ്രവേശനം നേടിയതെന്ന് വ്യാഴാഴ്ച യുകാസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇത് 'തെറ്റായ ദിശയിലേക്കാണ്' വിരൽ ചൂണ്ടുന്നതെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിങ് ചീഫ് പാറ്റ് കുള്ളൻ പറഞ്ഞു.

എന്നാൽ നഴ്സിങ് മേഖലയിൽ വർദ്ധിച്ചു വരുന്ന സമ്മർദ്ദം, കൂടുതൽ സമയം ജോലി ചെയ്യാൻ കഴിയും എന്നുള്ള പ്രതീക്ഷ, മോശം ശമ്പള വർദ്ധനവ് എന്നിവയുമായി പോരാടാൻ പാടുപെടുന്നതിനാൽ നിരവധി എൻഎച്ച്എസ് തൊഴിലാളികൾ തങ്ങളുടെ ജോലികൾ രാജിവെച്ചു പോവുകയും ചെയ്യുന്നു. ഇതിനിടയിലാണ് പുതിയ നഴ്സുമാരെ റിക്രൂട്ട് ചെയ്യുവാൻ എൻഎച്ച്എസ് പെടാപാടു പെടുന്നത്. അതേസമയം, ഇംഗ്ലീഷ് ഭാഷാ യോഗ്യതയിൽ അടക്കം ഇളവു നൽകി കൂടുതൽ നഴ്സുമാരെ ബ്രിട്ടനിലേക്ക് എത്തിക്കുവാൻ തയ്യാറായേക്കും എന്നാണ് റിപ്പോർട്ട്.