കണ്ണൂർ: വയനാട്ടിൽ നിന്നും പാൽചുരം, കൊട്ടിയൂർ , പേരാവൂർ വഴി കണ്ണൂർ വിമാനത്താവളം വരെ നീളുന്ന വയനാട് -കണ്ണൂർ വിമാനത്താവളം റോഡിന്റെ അലൈന്മെന്റിന് അംഗീകാരം. സണ്ണിജോസഫ് എം എൽ എ വിളിച്ചു ചേർത്ത പേരാവൂർ മണ്ഡലത്തിലെ പൊതു മരാമത്ത് റോഡുകളുടെ അവലോകന യോഗത്തിൽ പൊതുമരാമത്ത് അധികൃതരാണ് വിമാനത്താവളം റോഡിന്റെ അലൈന്മെന്റിന് അംഗീകാരം ലഭിച്ചതായി അറിയിച്ചത്.

മാനന്തവാടിയിൽ നിന്ന് ബോയ്സ് ടൗൺ വരെ 12 കിലോമീറ്റർ ദൂരം വയനാട് ജില്ലാ മരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ മലയോര ഹൈവേ പദ്ധതിയിൽപ്പെടുത്തി പ്രവർത്തി തുടങ്ങി. 100 കോടി ചെലവിലാണ് നിർമ്മാണം. രണ്ടാം റീച്ചിൽ ബോയിസ് ടൗൺ മുതൽ അമ്പായത്തോട് വരെ 6 കിലോമീറ്റർ മലയോര ഹൈവേ പദ്ധതിയിൽ തന്നെപ്പെടുത്തി കണ്ണൂർ ജില്ലാ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിയും നടത്തും. 35 കോടി രൂപയുടെ പ്രവർത്തിക്ക് ഉടൻ ഭരണാനുമതി ലഭിക്കും.

7 മീറ്റർ വീതിയിൽ ടാറിങ്ങും ബാക്കി കോൺഗ്രീറ്റും നടത്തും. മൂന്നാമത്തെ റീച്ചിലാണ് ആദ്യഘട്ടത്തിൽ വിമാനത്താവള റോഡ് നിലവാരത്തിൽ പ്രവർത്തി നടത്തുക. അമ്പായത്തോട് മുതൽ മട്ടന്നൂർ വരെ 40 കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമ്മിക്കാൻ 1700 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 900 കോടി രൂപ സ്ഥലം ഏറ്റെടുപ്പിനും, പുനരധിവാസത്തിനുമായി വകയിരുത്തും. 800 കോടി രൂപ റോഡ് നിർമ്മാണത്തിന് ചെലവഴിക്കും. 24 മീറ്റർ വീതിയിലാണ് റോഡ്. 18 മീറ്റർ ടാറിങ് ഉണ്ടാകും.

റോഡിന്റെ അതിർത്തി നിർണയിക്കുന്നതിന് കല്ലിടൽ പ്രവർത്തി സെപ്റ്റംബർ പകുതിയോടെ ആരംഭിക്കും. ഇതിനുശേഷമാണ് റോഡ് നിർമ്മാണം തുടങ്ങുക. കേളകം, പേരാവൂർ , മാലൂർ ടൗണുകൾക്ക് സമാന്തരമായി ബൈപ്പാസും നിർമ്മിച്ച് കൊണ്ടായിരിക്കും വയനാട്- കണ്ണൂർ വിമാനത്താവള പാത കടന്ന് പോവുക. വള്ളിത്തോട് - മണത്തണ മലയോര ഹൈവേ റോഡ് നിലവാരം മെച്ചപ്പെടുത്തൽ പ്രവർത്തിക്ക് ഇരിക്കൂർ കൺസ്ട്രക്ഷനുമായി കരാർ ഉറപ്പിച്ചു. 25കിലോമീറ്റർ ദൂരം 57 കോടിക്കാണ് നവീകരണ പ്രവർത്തി നടത്തുന്നത്.

കെ ആർ എഫ് ബി പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കും. ഒക്ടോബറിൽ പ്രവർത്തി ആരംഭിക്കും. അയ്യപ്പൻകാവ് - ഹാജി റോഡ് രണ്ടര കിലോമീറ്റർ ദൂരം അഞ്ചുകോടി രൂപ മുടക്കി നടത്തുന്ന പ്രവർത്തി ആരംഭിച്ചു. കേളകം - അടയ്ക്കാത്തോട് റോഡ് മൂന്ന് കോടി രൂപയുടെ പ്രവർത്തിക്ക് ടെൻഡർ വെച്ചതായും, ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
പുന്നാട് - മീത്തലെ പുന്നാട് മൂന്ന് കിലോമീറ്റർ മൂന്ന് കോടി രൂപ ചെലവിലുള്ള പ്രവർത്തി പൂർത്തിയായി വരുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.

മേഖലയിലെ 25 റോഡുകളുടെ അറ്റു കുറ്റ പ്രവർത്തി ഒരു വർഷത്തേക്ക് നടത്തുന്നതിന് 155 ലക്ഷം രൂപ അനുവദിച്ചു. അപകടാവസ്ഥയിലായ മരങ്ങൾ മുറിക്കാത്തതും കെ എസ് ടി പി റോഡുകളുടെ ഓവുചാൽ കാര്യക്ഷമമല്ലാത്തതും പേരാവൂർ ടൗണിൽ നടപ്പാതയുടെ സ്ലാബുകൾ പൊട്ടി ആളുകൾ താഴെ വീഴുന്ന സാഹചര്യവും യോഗത്തിൽ പരാതിയായി ഉയർന്നു. സോളാർ വഴിവിളക്കുകൾ ആളുകളുടെ തലയിൽ പതിക്കുന്ന സ്ഥിതിയാണെന്നും യോഗം വിലയിരുത്തി. റോഡിലെ കുഴി അടയ്ക്കുന്ന പ്രവർത്തികൾക്ക് അധികൃതരുടെ മേൽനോട്ടം ഇല്ലാത്തതും വിമർശനത്തിന് ഇടയാക്കി.

എം എൽ എ ക്ക് പുറമെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. വേലായുധൻ, കെ. സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. പി. വേണുഗോപാൽ, ആന്റണീസ് സെബാസ്റ്റ്യൻ, സി .ടി. അനീഷ്, റോയ് നമ്പൂടാകം, കെ .പി. രാജേഷ്, പി .രജനി, കുര്യാച്ചൻ പൈമ്പളിക്കുന്നേൽ, ഇരിട്ടി നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, ലിസി ജോസഫ് ,വി. ഗീത, മരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ എം. ജഗദീഷ്, ഷാജി തയ്യിൽ, ഷിബു കൃഷ്ണരാജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ പി. സജിത്ത്, കെ. ആശിഷ് കുമാർ, ജി. എസ്. ജ്യോതി, അസിസ്റ്റന്റ് എൻജിനീയർമാരായ കെ .പി. പ്രദീപൻ, കെ .എം. ഹരീന്ദ്രൻ, പി .വി. പ്രസാദ്, റസിനാൽ അലി, പഞ്ചായത്ത് സെക്രട്ടറിമാരായ ടി.ഡി. തോമസ്, വി. രാമചന്ദ്രൻ, രമേഷ് ബാബു തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.