- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരള സർവകലാശാലയ്ക്ക് ഉത്തരേന്ത്യയിൽ നിന്നുള്ള അക്കാഡമിക് വിദഗ്ദ്ധനെ വൈസ് ചാൻസലറാക്കാൻ നീക്കം; നിയമനത്തിന് രാജ്യമാകെ വിജ്ഞാപനമടങ്ങിയ പരസ്യം നൽകാൻ ഗവർണറുടെ ഉത്തരവ്; ആർ.എസ്.എസ് നേതാവിനെ വൈസ് ചാൻസലറാക്കി സർവകലാശാല കൈപ്പിടിയിൽ ഒതുക്കാൻ ബിജെപി
തിരുവനന്തപുരം : കേരള സർവകലാശാലയ്ക്ക് ഉത്തരേന്ത്യയിൽ നിന്നുള്ള അക്കാഡമിക് വിദഗ്ദ്ധനെ വൈസ് ചാൻസലറാക്കാൻ പദ്ധതിയൊരുക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി സി നിയമനത്തിന് രൂപീകരിച്ച സെർച്ച് കമ്മിറ്റിയോട് ജമ്മു കാശ്മീരിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും എല്ലാ സംസ്ഥാനങ്ങളിലും വിജ്ഞാപനമടങ്ങിയ പരസ്യം നൽകാൻ ഗവർണർ ഉത്തരവിട്ടു.
ജോലികളിൽ എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കുന്ന ഭരണഘടനാപരമായ അവകാശം പാലിക്കാനാണ് ഇങ്ങനെയൊരു നീക്കമെന്നാണ് രാജ്ഭവൻ പറയുന്നത്. എന്നാൽ ആർ.എസ്.എസിന്റെയോ ബിജെപിയുടെയോ സഹയാത്രികനായ ഉത്തരേന്ത്യക്കാരനായ അക്കാഡമിക് വിദഗ്ദ്ധനെയോ പ്രൊഫസറെയോ കേരള സർവകലാശാലയുടെ തലപ്പത്ത് പ്രതിഷ്ഠിക്കാനാണ് ഗവർണർ ഒരുങ്ങുന്നതെന്നാണ് വിവരം.
കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ.ദേബാഷിഷ് ചാറ്റർജിയെ ചാൻസലറുടെ പ്രതിനിധിയാക്കിയും കർണാടക കേന്ദ്രസർവകലാശാലാ വി സി പ്രൊഫ.ബട്ടുസത്യനാരായണയെ യുജിസി പ്രതിനിധിയാക്കിയും രൂപീകരിച്ച സെർച്ച് കമ്മിറ്റിയോട്, ദേശീയ മാധ്യമങ്ങളിൽ പരസ്യം നൽകി വി സിയാകാൻ യോഗ്യരായവരുടെ അപേക്ഷ സ്വീകരിക്കാനും നിയമനത്തിന് പാനൽ നൽകാനുമാണ് ഗവർണർ നിർദ്ദേശിച്ചത്. സർവകലാശാലാ സെനറ്റിന്റെ പ്രതിനിധിയെ ഉൾപ്പെടുത്താതെ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടി വിവാദത്തിലായിരിക്കെയാണ്, രാജ്യവ്യാപകമായി വിജ്ഞാപനമിറക്കാനുള്ള നിർദ്ദേശം.
കേരള സർവകലാശാലാ വൈസ്ചാൻസലർ വി.പി.മഹാദേവൻ പിള്ളയുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കുകയാണ്. ഈ ഒഴിവിലേക്ക് യുജിസി ചട്ടപ്രകാരം യോഗ്യരായവർക്ക് അപേക്ഷിക്കാമെന്ന് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പരസ്യം നൽകാനാണ് ഗവർണറുടെ നിർദ്ദേശം. കമ്മിറ്റിക്ക് ഓൺലൈനായി എവിടെനിന്നുമുള്ള അപേക്ഷ സ്വീകരിക്കാം.
യോഗ്യതകൾ വിലയിരുത്തി ഏറ്റവും മികച്ചവരുടെ പാനൽ നൽകണം. മുൻപ് സെർച്ച്കമ്മിറ്റി കൺവീനറായിരിക്കുന്ന ചീഫ്‌സെക്രട്ടറിയാണ് കമ്മിറ്റിക്ക് യോഗം ചേരാനടക്കം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്. എന്നാൽ ഇത്തവണ സൗകര്യങ്ങൾക്കായി സർക്കാരിനെ സമീപിക്കേണ്ടതില്ലെന്നും എല്ലാ സൗകര്യങ്ങളും രാജ്ഭവനിൽ നിന്ന് നൽകാനും ഗവർണർ നിർദ്ദേശിച്ചു. രാജ്ഭവനിലോ കോഴിക്കോട് ഐ.ഐ.എമ്മിന്റെ ഗസ്റ്റ്ഹൗസിലോ സെർച്ച് കമ്മിറ്റിക്ക് യോഗം ചേരാം. കമ്മിറ്റിയുടെ എല്ലാ ചെലവുകളും രാജ്ഭവൻ വഹിക്കാനും ഗവർണർ നിർദ്ദേശിച്ചു.
സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുത്തശേഷം സെർച്ച് കമ്മിറ്റി രൂപീകരിക്കുകയാണ് പതിവ്. ജൂൺ 15ന് സെനറ്റ് ചേർന്ന് ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.കെ.രാമചന്ദ്രനെ സെനറ്റിന്റെ പ്രതിനിധിയാക്കിയിരുന്നു. വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറുടെ പ്രതിനിധിയെ സർക്കാർ തീരുമാനിക്കുമെന്ന ഭേദഗതി ബിൽ കൊണ്ടുവരുന്നതിന് മുന്നോടിയായി, പ്രൊഫ.വി.കെ.രാമചന്ദ്രൻ സ്വയം ഒഴിഞ്ഞു. വീണ്ടും സെനറ്റ് വിളിച്ച് പ്രതിനിധിയെ നിശ്ചയിക്കാൻ കൂടുതൽ സമയം തേടി കേരള വി സി ഗവർണർക്ക് കത്തെഴുതി. ഇതിനു പിന്നാലെ സെനറ്റ് പ്രതിനിധിയെ ഒഴിച്ചിട്ട്, സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ വിജ്ഞാപനമിറക്കുകയായിരുന്നു. സർവകലാശാലയിൽ നിന്ന് പേര് ലഭിക്കുമ്പോൾ ഉൾപ്പെടുത്തുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. ആറുമാസമാണ് സെർച്ച് കമ്മിറ്റിയുടെ കാലാവധി.
തങ്ങൾക്ക് സ്വാധീനമുള്ള വൈസ്ചാൻസലറെ നിയമിച്ചാൽ സർവകലാശാലാ ഭരണം ബിജെപിക്ക് കൈപ്പിടിയിൽ ഒതുക്കാനാവും. വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം ഗവർണറിൽനിന്നു പിടിച്ചെടുക്കാൻ സർക്കാർ ശ്രമിക്കുന്നതു തന്നെ സർവകലാശാലകളിലെ ഉദ്യോഗ നിയമനങ്ങളിൽ പിടിമുറുക്കാനാണ്.
സ്വന്തം ആളെ വിസി ആക്കിയാൽ സർവകലാശാലകളിലെ രജിസ്റ്റ്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫിസർ, പ്ലാനിങ് ഡയറക്ടർ, അദ്ധ്യാപകർ എന്നീ തസ്തികകളിൽ സർക്കാരിനു താൽപര്യമുള്ളവരെ നിയമിക്കാം. എല്ലാ നിയമനങ്ങളും നടത്തുന്നതു വിസിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ്. ഈ സമിതിയെ തീരുമാനിക്കുന്നതും വിസി തന്നെ. ഇതിനു പുറമേ കോടികളുടെ ഫണ്ടാണ് അടിസ്ഥാനസൗകര്യ വികസനത്തിനും മറ്റുമായി പ്രതിവർഷം കിട്ടുന്നത്. ഇതിന്റെ ചെലവഴിക്കലിൽ അഴിമതി ആരോപണം ഉയരുന്നത് പതിവാണ്.
നിയമനങ്ങളിൽ രാഷ്ട്രീയ സ്വാധീനമാണ് ആദ്യത്തെ ഘടകം. പണമാണ് രണ്ടാമത്തേത്. പണമിടപാടുകൾ രഹസ്യമായി നടക്കുന്നതായി ഏറെക്കാലമായുള്ള ആരോപണമാണ്. യുജിസിയുടെ 2010ലെ ചട്ടങ്ങൾ അനുസരിച്ച് അദ്ധ്യാപക നിയമനത്തിനു വിദ്യാഭ്യാസ യോഗ്യത, അക്കാദമിക് മികവ്, ഇന്റർവ്യൂവിലെ മാർക്ക് എന്നിവ പരിഗണിക്കണമായിരുന്നു.
എന്നാൽ 2018 ൽ യുജിസി ഇതിൽ മാറ്റം വരുത്തി. അപേക്ഷകരിൽനിന്ന് അക്കാദമിക് മികവ് പുലർത്തുന്നവരെ കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിനു വിളിക്കണം എന്നാണു പുതിയ വ്യവസ്ഥ. ഈ കട്ട് ഓഫ് മാർക്ക് നിശ്ചയിക്കാനുള്ള അധികാരം ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു വിട്ടു കൊടുത്തിരിക്കുകയാണ്. സർവകലാശാലകൾക്ക് ഇഷ്ടമുള്ള കട്ട് ഓഫ് മാർക്ക് നിശ്ചയിക്കാം. യോഗ്യരെന്നു കണ്ടെത്തുന്നവരെ വിസി അധ്യക്ഷനായ സമിതി ഇന്റർവ്യൂ നടത്തി അതിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ നിയമിക്കും.
ഇന്റർവ്യൂവിലെ മാർക്കിന്റെ മാത്രം അടിസ്ഥാനത്തിൽ നിയമനം നടത്തുമ്പോൾ കോടതിയിൽ പോയാലും കേസ് നിലനിൽക്കില്ല. ഇതിനെല്ലാം വേണ്ടപ്പെട്ടയാൾ വി സിയായിരിക്കേണ്ടത് അത്യാവശ്യമാണ്. ബിജെപിക്കാരനെ വി സിയാക്കുന്നതിലൂടെ സർവകലാശാല അപ്പാടെ കൈയിൽ ഒതുക്കാമെന്നാണ് ഗവർണറും കേന്ദ്രസർക്കാരും കണക്കുകൂട്ടുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്