ഉജ്ജൈൻ: ബോളിവുഡ് താരം ഹൃത്വിക് റോഷൻ അഭിനയിച്ച സൊമാറ്റോയുടെ പുതിയ പരസ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉജ്ജൈയിനിയിലെ മഹാകലേശ്വർ ശിവ ക്ഷേത്രത്തിലെ പൂജാരിമാർ രംഗത്ത്. ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് സൊമാറ്റോക്കെതിരെ രംഗത്ത് എത്തിയത്. പരസ്യം ഉടൻ പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം.

ഉജ്ജെയിനിയിലെ ഒരു ഥാലി (ഭക്ഷണ പാത്രം) കഴിക്കാൻ തോന്നിയെന്നും അതിനാലാണ് മഹാകലേശ്വരിൽ നിന്ന് ഓർഡർ ചെയ്തതെന്നും ഹൃത്വിക് റോഷൻ പരസ്യത്തിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ പരസ്യം പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ ഹൃത്വിക് റോഷനേയും ഭക്ഷണ വിതരണ കമ്പനിയേയും ട്രോളി നിരവധി പേർ രംഗത്ത് വന്നിരുന്നു.

ഉജ്ജെയിനിലെ മഹാകാലേശ്വർ ശിവക്ഷേത്രം, രാജ്യത്തുടനീളം ഭക്തരുള്ള പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്. അതിനാൽ തന്നെ സൊമാറ്റോ ഉടൻ പരസ്യം പിൻവലിച്ച് മാപ്പ് പറയണമെന്ന് ക്ഷേത്രത്തിലെ പൂജാരിമാരായ മഹേഷും ആശിഷും പറഞ്ഞു.

ഭക്തർക്ക് ഥാലിയിൽ 'പ്രസാദം' വിളമ്പുന്ന പരസ്യങ്ങൾ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണ്. അതിനാൽ ഇത്തരത്തിൽ ഹിന്ദുമതത്തെ പരിഹസിക്കരുതെന്നും ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ പറഞ്ഞു. പരസ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ഭക്ഷണം സൗജന്യമാണെന്നും അത് വിൽക്കില്ലെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു.