തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ തുടങ്ങും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വൈകുന്നേരം 4 മണിക്ക് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ അദ്ധ്യക്ഷതയിലാണ് ചടങ്ങ് നടക്കുക. തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങൾ ഉൾപ്പെടുന്നതാണ് സൗജന്യ ഓണക്കിറ്റ്.

ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും നാളെ വൈകുന്നേരം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബന്ധപ്പെട്ട ജനപ്രതിനിധികൾ നിർവ്വഹിക്കും. ഓഗസ്റ്റ് 23,24 തീയതികളിൽ (ചൊവ്വാഴ്ചയും ബുധനാഴ്ചയും) മഞ്ഞ കാർഡുടമകൾക്കും ഓഗസ്റ്റ് 25, 26, 27 തീയതികളിൽ (വ്യാഴം,വെള്ളി ,ശനി) പിങ്ക് കാർഡുടമകൾക്കും ഓഗസ്റ്റ് 29, 30, 31 തിയതികളിൽ നീല കാർഡ് ഉള്ളവർക്കും സെപ്റ്റംബർ 1, 2, 3 തിയതികളിൽ വെള്ള കാർഡുടമകൾക്കുമാണ് സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തുന്നതാണ്.

ഏതെങ്കിലും കാരണങ്ങളാൽ ഈ ദിവസങ്ങളിൽ ഓണക്കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4, 5, 6,7 തിയതികളിൽ കിറ്റ് വാങ്ങാവുന്നതാണ്. ഓണ ശേഷം കിറ്റ് വിതരണം ഉണ്ടാവില്ല.

എല്ലാ റേഷൻ കാർഡുടമകളും അവരവരുടെ റേഷൻ കടകളിൽ നിന്ന് തന്നെ കിറ്റുകൾ കൈപ്പറ്റേണ്ടതാണ്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോർട്ടബിലിറ്റി സംവിധാനം കിറ്റുകൾ കൈപ്പറ്റുന്ന കാര്യത്തിൽ ഓഴിവാക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അറിയിച്ചു.

ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം സർക്കാർ അംഗീകരിച്ചിട്ടുള്ള എല്ലാ ക്ഷേമ സ്ഥാപനങ്ങളിലും പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥർ മുഖേന വാതിൽപ്പടിയായി എത്തിക്കുന്നതാണ്. അതുപോലെ ആദിവാസി ഊരുകളിൽ ഭക്ഷ്യകിറ്റ് വാതിൽപ്പടിയായി വിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.