വേങ്ങര: സൗദിയിലെ ജിസാനിൽ ഉണ്ടായ വാഹനാപകടത്തിൽ വേങ്ങര സ്വദേശികളായ സഹോദരങ്ങൾ മരിച്ചു. വേങ്ങര വെട്ടുതോട്, പരേതനായ കാപ്പിൽ കുഞ്ഞി മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദുൽ ജബ്ബാർ (44), റഫീഖ് (41) എന്നിവരാണ് മരിച്ചത്.

പച്ചക്കറി മൊത്തമായി എടുത്ത് വിൽപ്പന നടത്തുന്ന ഇരുവരും ജിദ്ദയിൽ നിന്നും ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന്നായി പോകുമ്പോൾ ജിസാനിനു സമീപം ബെയ്ഷ് മസ്ലയയിൽ ആണ് അപകടം.

ശനിയാഴ്ച രാത്രി സൗദി സമയം ഏഴോടെയാണ് സംഭവം. ഇവർ സഞ്ചരിച്ച വാഹനം മഴയിൽ തെന്നി മുന്നിൽ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിന്നു. ഇരുവരേയും ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ചു.

മൃതദേഹം ബെയ്ഷ് ജനാൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ഉമ്മ: ആയിഷ ഹജ്ജുമ്മ. മൈമൂനയാണ് അബ്ദുൽ ജബ്ബാറിന്റെ ഭാര്യ. മകൻ: ഷാൻ മുഹമ്മദ്. മഹിറയാണ് റഫീഖിന്റെ ഭാര്യ. മക്കൾ: ലിംഷ, ദിൽഷ, മുഹമ്മദ് റബീഹ്.