ലണ്ടൻ: എക്സിറ്റ് പോളുകളെ കണ്ണുമടച്ച് വിശ്വസിച്ച് അധികമായ ആത്മവിശ്വാസത്തോടെ യുകെയിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി ഉണ്ടായിരുന്ന ഭൂരിപക്ഷം പോലും നഷ്ടപ്പെടുത്തിയ തെരേസ മെയ്‌ ഡിയുപിയുമായി സഖ്യ സ്ഥാപിച്ച് നഷ്ടം നികത്തി ഗവൺമെന്റ് സ്ഥാപിച്ചിരിക്കുകയാണല്ലോ. എന്നാൽ ഇത് അധികകാലം മുന്നോട്ട് പോകില്ലെന്നും ബ്രിട്ടനിൽ മറ്റൊരു ഇടക്കാല തെരഞ്ഞെടുപ്പുണ്ടാകുമെന്നുമുള്ള പ്രചാരണം ശക്തമായിരിക്കുകയാണ്. ഇതിനെ തുടർന്ന് പ്രധാനമന്ത്രി തെരേസമെയ്‌ക്ക് രാജി വയ്ക്കേണ്ടി വരുമെന്നും ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിന് അധികാരത്തിൽ എത്തുമെന്നുമാണ് പുതിയ സർവേ പ്രവചിക്കുന്നത്.

ദി ടൈംസിന് വേണ്ടി നടത്തിയ യുഗോവ് പോളാണ് ഞെട്ടിപ്പിക്കുന്ന ഈ സാധ്യത പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം ലേബർ പാർട്ടി 46 ശതമാനം ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും അതേ സമയം ടോറികളുടെ ഭൂരിപക്ഷം വെറും 38 ശതമാനമായി ഇടിഞ്ഞ് താഴുമെന്നുമാണ് പ്രചവനം. കൂടാതെ ആറ് ശതമാനത്തിന്റെ കരുത്തുമായി ലിബറൽ ഡെമോക്രാറ്റുകൾ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്യും. തെരേസ മെയ്‌ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ടോറികൾക്ക് 1980കൾക്ക് ശേഷമുള്ള റെക്കോർഡ് ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു പ്രവചനം.

നിലവിലെ സാഹര്യത്തിൽ സ്വദേശത്തും വിദേശങ്ങൽും തെരേസയുടെ ജനകീയതയ്ക്ക് ഇടിവ് സംഭവിച്ചിരിക്കുന്നുവെന്നും നിലവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് , റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ എന്നിവർക്കുള്ള സ്വീകാര്യത പോലും യൂറോപ്യന്മാർക്കിടയിൽ തെരേസ്‌ക്കില്ലെന്നും മറ്റൊരു യുഗോവ് സർവേയിലുടെ വ്യക്തമായിരുന്നു. നിലവിൽ യൂറോപ്പിലാകമാനം തെരേസയ്ക്കുള്ള ജനസമ്മിതി ഇടിഞ്ഞ് താഴുകയാണ്. ഇതനുസരിച്ച് നോർവേയിൽ അവരുടെ റേറ്റിങ് മൈനസ് ഒമ്പതാണ്. ഡെന്മാർക്കിൽ മൈനസ് പത്തും ഫിൻലൻഡിൽ മൈനസ് 12ഉം സ്വീഡനിൽ മൈനസ് 14ഉം ഫ്രാൻസിൽ മൈനസ് 23 ഉം ആണ് തെരേസയുടെ റേറ്റിംഗെന്നും ഈ സർവേയിലുടെ വ്യക്തമായിട്ടുണ്ട്.

ഇത്തരത്തിൽ യൂറോപ്യൻ യൂണിയനിലും പുറത്തും അമേരിക്കയിലും മുൻ കോമൺവെൽത്ത് രാജ്യങ്ങളിലും തെരേസയുടെ ജനകീയതക്ക് ഇടിവ് സംഭവിച്ചിരിക്കുന്ന സാഹചര്യത്തിൽ അവർ എങ്ങനെയാണ് പുതിയ ട്രേഡ് ഡീലുകൾ നേടിയെടുക്കുകയെന്ന ഗൗരവപരമായ ചോദ്യമാണ് യുഗോവിന്റെ ഹെഡ് ഓഫ് പൊളിറ്റിക്കൽ ആൻഡ് സോഷ്യൽ റിസർച്ച് ആയ ജോയ് ടൈമാൻ ഉന്നയിക്കുന്നത്. അതിനിടെ ലേബർ നേതാവ് ജെറമി കോർബിൻ മറ്റൊരു തെരഞ്ഞെടുപ്പ് നടത്താൻ ഇപ്പോൾ തന്നെ അരയും തലയും മുറുക്കി രംഗത്തുണ്ടെന്നും വ്യക്തമായിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ ചീഫ് ബ്രെക്സിറ്റ് നെഗോഷ്യേറ്ററെ കോർബിൻ കാണാൻ പദ്ധതിയിടുന്നുമുണ്ട്.

തന്റെ പാർട്ടി തെരഞ്ഞെടുപ്പിൽ നേടിയ ഉജ്വല വിജയത്തെക്കുറിച്ച് അദ്ദേഹം ബ്ലൂംബർഗിനോട് ആവേശത്തോടെയയാണ് അടുത്തിടെ സംസാരിച്ചിരിക്കുന്നത്. തെരേസയ്ക്ക് കോമൺസിൽ ഭൂരിപക്ഷം നേടുന്നതിൽ നിന്നും പ്രതിരോധിക്കാൻ തങ്ങൾക്ക് സാധിച്ചിരിക്കുന്നുവെന്നും കോർബിൻ അവകാശപ്പെടുന്നു. നോർത്തേൺ അയർലണ്ടിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ തെരേസ അധികാരത്തിലേറിയെങ്കിലും ഈ കുട്ടുകക്ഷി മന്ത്രിസഭ അസ്ഥിരമാണെന്നും അതിനാൽ ഏത് സമയത്തും രണ്ടാമതൊരു തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയേറെയാണെന്നും കോർബിൻ പറയുന്നു.

തെരേസയുടെ ഗവൺമെന്റിന് പകരം തങ്ങളുടെ ഭരണം അധികം വൈകാതെ നിലവിൽ വരുമെന്നും പ്രധാനമന്ത്രിയാകുന്നതിനുള്ള അവസരം ഉടൻ തനിക്കുണ്ടാകുമെന്നും കോർബിൻ അവകാശപ്പെടുന്നു. എന്നാൽ എപ്പോഴാണ് ഇലക്ഷൻ ഉണ്ടാകുകയെന്ന് തനിക്കറിയില്ലെന്നും തങ്ങൾ അതിനായി ഒരുങ്ങിയിരിക്കുകയാണെന്നും ലേബർ നേതാവ് വ്യക്തമാക്കുന്നു. ബ്രെക്സിറ്റുമായി ബ ന്ധപ്പെട്ട് തന്റേതായ ചർച്ചകൾ നടത്താൻ താൻ ഒരുങ്ങുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി യൂറോപ്യൻ യൂണിയന്റെ ചീഫ് ബ്രെക്സിറ്റ് നെഗോഷ്യേറ്ററായ മൈക്കൽ ബാർണിയറെ അടുത്ത വ്യാഴാഴ്ച കാണാൻ തയ്യാറെടുക്കുകയാണെന്നും കോർബിൻ പറയുന്നു.

ബ്രെക്സിറ്റിനെ തുടർന്ന് താരിഫ് രഹിത വ്യാപാരം ഉറപ്പ് വരുത്തുകയും യൂറോപ്പിലെ ടാക്സ് തട്ടിപ്പുകാരുടെ സ്വർഗമായി ബ്രിട്ടൻ മാറുന്നത് തടയുകയുമാണ് ബ്രെക്സിറ്റുമായി ബന്ധപ്പെട്ട തന്റെ അടിസ്ഥാന നിലപാടുകളെന്നും കോർബിൻ വ്യക്തമാക്കുന്നു.