ലണ്ടൻ: കോടതികളിലും പൊലീസ് സ്‌റ്റേഷനുകളിലുമെത്തുന്ന പീഡനക്കേസ്സുകളിൽ നല്ലൊരുപങ്കും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാണ്. അത്തരമൊരു നുണക്കഥതളിലൂടെ ജീവിക്കുകയാണ് ജെമ്മ ബീൽ. താനൊരു ലെസ്ബീനാണെന്ന് അവകാശപ്പെടുന്ന ജെമ്മ, മൂന്നുവർഷത്തിനിടെ ബലാൽസംഗം ചെയ്‌തെന്ന് ആരോപിച്ച് കേസിൽകുടുക്കിയത് 15 പുരുഷന്മാരെ! 

ഏതായാലും ഇനി നുണക്കഥകളിലൂടെ മറ്റൊരാളുടെ ജീവിതം തകർക്കാൻ ജെമ്മയ്ക്ക് തൽക്കാലം പറ്റില്ല. ഇവരെ കോടതി പത്തുവർഷത്തേക്ക് ശിക്ഷിച്ചു. ശ്രദ്ധാകേന്ദ്രമാകാൻ വേണ്ടിയാണ് താൻ ഇത്തരം പരാതികൾ നൽകിയിരുന്നതെന്ന് ജെമ്മ കോടതിയിൽ ബോധിപ്പിച്ചിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമെ, 11,000 പൗണ്ട് പിഴയും ഒടുക്കണം.

ജെമ്മയുടെ പരാതിയനുസരിച്ച് പൊലീസ് 15 പേർക്കെതിരെയും കേസെടുത്തിരുന്നു.. ഇതിൽ മഹാദ് കാസിം എന്നയാൾ രണ്ടുവർഷം തടവനുഭവിക്കുകയും ചെയ്തു. കേസിൽക്കുടുങ്ങി ജീവിതം നഷ്ടപ്പെട്ട മറ്റൊരാൾ നാടുവിടുകയും ചെയ്തു.

കാറിൽ ലിഫ്റ്റ് തന്ന കാസിം തന്നെ ബലാൽസംഗം ചെയ്തുവെന്നാണ് ജെമ്മ പരാതിയിൽപ്പറഞ്ഞിരുന്നത്. ശരീരത്ത് സ്വയം സൃഷ്ടിക്കുന്ന മുറിവുകളിലൂടെ ഇവർ പരാതിക്ക് വേണ്ട തെളിവുകളും സൃഷ്ടിച്ചിരുന്നു. താൻ ബലാൽസംഗം ചെയ്യപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തതായി സൗത്ത്‌വാക്ക് ക്രൗൺ കോടതിയിൽ നടന്ന വാദത്തിനിടെയും ജെമ്മ ആവർത്തിച്ചു. എന്നാൽ, അഞ്ച് വനിതകളടക്കം 11 പേരടങ്ങിയ ജൂറി, ജെമ്മയുടെ പരാതികൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

വിശ്വസനീയമായ രീതിയിൽ നുണപറയുന്ന തന്ത്രശാലിയായ കുറ്റവാളിയാണ് ജെമ്മയെന്ന് ശിക്ഷ വിധിച്ചുകൊണ്ട് ജഡ്ജി നിക്കോളാസ് ലോറെയ്ൻ സ്മിത്ത് പറഞ്ഞു. ഇരയെന്ന നിലയ്ക്ക് ജീവിക്കുന്നതിൽ നിങ്ങൾ സന്തോഷം കണ്ടെത്തുകയായിരുന്നു. വ്യാജപരാതികൾ നൽകിയതിലൂടെ രാജ്യത്തിന്റെ ഖജനാവിനും ജെമ്മ വലിയ നഷ്ടമുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു.

ജെമ്മയുടെ പരാതികൾ അന്വേഷിക്കുന്നതിന് പൊലീസിന് 6400 മണിക്കൂറുകൾ നഷ്ടമായതായി പൊലീസ് കോടതിയെ അറിയിച്ചു. അന്വേഷണത്തിന് മാത്രമായി രണ്ടരലക്ഷം പൗണ്ടെങ്കിലും ചെലവായി. കോടതിച്ചെലവായി 109,000 പൗണ്ട് വേറെയും. 2010 നവംബർ 26-ന് കാസിം തന്നെ ബലാൽസംഗം ചെയ്തുവെന്നാരോപിച്ചാണ് ജെമ്മ തുടർപരാതികൾ നൽകാൻ തുടങ്ങിയത്..