ലണ്ടൻ: കഴിഞ്ഞ ആഴ്ച പാർസൻസ് ഗ്രീനിൽ ട്യൂബ് ട്രെയിനിലെ ബോംബ് സ്ഫോടനത്തെ തുടർന്ന് ബ്രിട്ടൻ കടുത്ത ബോംബ് പേടിയിലാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. കണ്ണിൽ കാണുന്നതെല്ലാം ബോംബ് ആണൈന്ന് കരുതി യാത്രക്കാർ വെപ്രാളപ്പെടുന്ന അവസ്ഥയാണുള്ളത്. ചെറിയൊരു സംശയത്തെ തുടർന്ന് പോലും പൊലീസിന്റെ സഹായം തേടുന്ന വിധത്തിലേക്കാണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നത്. തൽഫലമായി രാജ്യമാകമാനം ദിവസവും നിരവധി സ്ഥലങ്ങളിലേക്ക് പൊലീസ്നായകളുമായി കുതിച്ചെത്താൻ പൊലീസ് നിർബന്ധിതരാവുകയുമാണ്. ഇത്തരത്തിൽ നാട്ടുകാർക്ക് ബോംബ് പേടി കൂടിയതോടെ ലണ്ടനിലെ പൊലീസിന് വിശ്രമിക്കാൻ പോലും നേരമില്ലെന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്.

36 മണിക്കൂറുകൾക്കുള്ളിൽ രാജ്യമാകമാനം ബോംബ് പേടിയുമായി ബന്ധപ്പെട്ട നാല് സംഭവങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. മൂർഗേറ്റ് സ്റ്റേഷനും ലിവർപൂൽ സ്ട്രീറ്റ്സ്റ്റേഷനു സമീപത്തുള്ള സിക്സ് സ്ട്രീറ്റ്സിൽ ബോംബെന്ന് സംശയിക്കുന്ന പാക്കേജുകൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇന്നലെ രാവിലെ അടച്ചിരുന്നു. ഇതിന് പുറമെ ലീഡ്സ് സിറ്റി മാർക്കറ്റിലെ മറ്റൊരു സിക്സ് സ്ട്രീറ്റ്സിൽ ഒരു ബോംബ് ഡിസ്പോസൽ സ്‌ക്വാഡിനെ ഇന്നലെ കണ്ടിരുന്നു. റോയൽ ടേൺബ്രിഡ്ജ് വെൽസിലെ റെസിഡൻഷ്യൽ റോഡിലേക്ക് ബോംബ് ഡിസ്പോസൽ വിദഗ്ധരെ ഒരു വീട്ടിൽ സംശയകരമായ പാക്കേജ് കണ്ടെത്തിയതിനെ തുടർന്ന് വിളിച്ച് വരുത്തിയിരുന്നു.

ഒരു വീട്ടിൽ നടത്തിയ പരിശോധനയെ തുടർന്ന് സംശയകരമായ രീതിയിൽ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് 55 വയസുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കെന്റ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പാർസൻസ് ഗ്രീനിൽ നടന്ന ബോംബ്സ്ഫോടനത്തിൽ 22 പേർക്ക് പരുക്കേറ്റതിനെ തുടർന്ന് ഒഫീഷ്യൽ ടെറർ ത്രെട്ട് ലെവൽ കടുത്ത രീതിൽ തന്നെ നിലനിർത്തിയിരിക്കുകയാണ്. ഈ ആക്രമണത്തിന് ശേഷം ഭീകരാക്രണസാധ്യത പ്രധാനമന്ത്രി 'ക്രിട്ടിക്കൽ' എന്ന നിലയിലേക്ക് ഉയർത്തുകയായിരുന്നു. എന്നാൽ ഞായറാഴ്ച ഇത് ' സിവിയർ' ആയി താഴ്‌ത്തിയിരുന്നു.

എം1ൽ ഒരു പാലത്തിന് കീഴെ സംശയകരമായ പാക്കേജ് കണ്ടെത്തിയതിനെ തുടർന്ന് ചൊവ്വാഴ്ച മോട്ടോർവേ ഇരു ഭാഗത്തേക്കും അടയ്ക്കുകയും ആയിരക്കണക്കിന് പേർ ഒമ്പത് മണിക്കൂറോളം റോഡിൽ പെട്ട് പോവുകയും ചെയ്തിരുന്നു. മിൽട്ടൻ കീനെസിന് സമീപം സൗത്ത് ബോണ്ട് കാരിയേജ് വേയിലെ രണ്ട് ലൈനുകളിൽ തീപിടിക്കുന്ന പദാർത്ഥങ്ങൾ ചിതറിക്കിടന്നിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഹൈഡ്രോക്ലോറിക് ആസിഡാകാൻ സാധ്യതയുണ്ടെന്നും ഇത് റോഡിൽ മനഃപൂർവം ഇട്ടതാണെന്നും അനുമാനമുണ്ട്.

വിൽസൻ സ്ട്രീറ്റിൽ നിന്നും സംശയകരമായ വസ്തു കണ്ടെടുത്തുവെന്ന റിപ്പോർട്ടിനെ തുടർന്ന് തങ്ങൾ അന്വേഷിച്ചിരുന്നുവെന്നും എന്നാൽ ഈ പാക്കേജ് അപകടകരമല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് സിറ്റി ഓഫ് ലണ്ടൻ പൊലീസ് വെളിപ്പെടുത്തുന്നു. ലീഡ്സിൽ ബോംബ് ഡിസ്പോസൽ റോബോട്ടുകൾക്കൊപ്പം റോയൽ ലോജിസ്റ്റിക് കോർപ്സിലെ സൈനികർ പരിശോധനക്കെത്തിയിരുന്നു. ഇവിടുത്തെ കിർഗേറ്റ് മാർക്കറ്റിൽ ബോംബുണ്ടെന്ന ആശങ്ക ശക്തമായതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇവിടെ നിന്നും അപകടകരമായതൊന്നും കണ്ടെത്തിയിട്ടില്ല.