വിമാനത്തിൽ ഹണിമൂൺ ആഘോഷിക്കുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടിട്ടുണ്ടോ...?എന്നാൽ അത് ഇനി മുതൽ വെറും സ്വപ്നത്തിൽ ഒതുക്കേണ്ടതില്ല..ഖത്തർ എയർവേസ് അതിനുള്ള സൗകര്യം ഒരുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതിനാൽ ഇനി മധുവിധു ആഘോഷിക്കാൻ ഹോട്ടൽ തേടി സമയം കളയേണ്ടതില്ല. ഇതിനായി ഒരുമിച്ച് ഉറങ്ങാവുന്ന തരത്തിലുള്ള ഡബിൾ ബെഡ്റൂം സ്യൂട്ടുകളാണ് ബിസിനസ്‌ക്ലാസിൽ ഖത്തർ എയർവേസ് ആരംഭിക്കുന്നത്. ക്യൂസ്യൂട്ട് എന്നറയിപ്പെടുന്ന ഈ സംവിധാനം രണ്ട് മിഡിൽ സീറ്റുകളെ ഫുള്ളി ഫ്ലാറ്റ് ബെഡാക്കി മാറ്റാനുള്ള സൗകര്യമൊരുക്കുന്നു. കൂടാതെ ഇതിൽ പ്രൈവറ്റ് ബെഡ്റൂമിന്റെ സ്വകാര്യത ഉറപ്പ് വരുത്താനായി പാർട്ടീഷൻ പാനലുകളുമുണ്ട്. ഇതിന്റെ ഉള്ളിൽ രണ്ട് എന്റർടെയിന്മെന്റ് സ്‌ക്രീനുകളുമുണ്ട്.

ഇത്തരത്തിലുള്ള സ്യൂട്ട് ഏവിയേഷൻ ഇന്റസ്ട്രിയിൽ ഇതാദ്യമായിട്ടാണ് നടപ്പിലാക്കുന്നത്. ഇതോടെ ഇക്കാര്യത്തിൽ എതിരാളികൾക്ക് കടുത്ത വെല്ലുവിളിയാണ് ഖത്തർഎയർവേസ് ഉയർത്തിയിരിക്കുന്നത്. നാല് പേർക്ക് ഒരുമിച്ചിരുന്ന് സഞ്ചരിക്കാവുന്ന ഇടമാണ് ഇത്തരത്തിൽ പ്രൈവറ്റ് റൂമാക്കി മാറ്റാൻ സാധിക്കുന്നത്. അതിനാൽ മറ്റ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അല്ലെങ്കിൽ സഹപ്രവർത്തകർക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ ഉള്ള സൗകര്യവും ഇവിടെയുണ്ടാവും. ബിസിനസ് ക്ലാസിലെ ഒരു ഫസ്റ്റ്ക്ലാസ് പ്രൊഡക്ടായിരിക്കും ക്യൂ സ്യൂട്ടെന്നാണ് ഖത്തർഎയർവേസിന്റെ യൂറോപ്പിലേക്കുള്ള സീനിയർ വൈസ് പ്രസിഡന്റായ ജോനാതൻ ഹാർഡിങ് വെളിപ്പെടുത്തുന്നത്.

ഇത് വിപ്ലവകരമായ ഒരു സംരംഭമാണെന്നും ഇത് ഏവിയേഷൻ ഇന്റസ്ട്രിയിൽ നിർണായകമായ മാറ്റത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ പരിഷ്‌കാരം തങ്ങളുടെ എല്ലാ ബിസിനസ് ക്ലാസിലും ഏർപ്പെടുത്താനാണ് കമ്പനി ഒരുങ്ങുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആകാശത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസായിത്തീരും ക്യൂ സ്യൂട്ടെന്നാണ് ഏവിയേഷൻ അനലിസ്റ്റായ അലെക്സ് മാച്ചെറാസ് പറയുന്നത്. ഹീത്രോയിൽ നിന്നുമുള്ള ഫ്ലൈറ്റുകളിലാണ് ക്യൂ സ്യൂട്ട് ലോഞ്ച് ചെയ്യാനൊരുങ്ങുന്നത്. തുടർന്ന് പാരീസിൽ നിന്നും ന്യൂയോർക്കിൽ നിന്നുമുള്ള വിമാനങ്ങളിലും ഇത് ലഭ്യമാക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.