കാസർഗോഡ്: ഭർത്താവും രണ്ടു മക്കളുടെ അമ്മയുമായ സ്ത്രീ തന്റെ ഭാര്യ എന്ന് അവകാശപ്പെട്ട് റോഡരുകിൽ രണ്ട് യുവാക്കൾ പരസ്യമായി ഏറ്റുമുട്ടി. യുവതി തന്റെ ഭാര്യ ആണെന്നും അല്ല എന്റെ ഭാര്യ ആണെന്നും പറഞ്ഞ് ഇരുവരും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിലെത്തിയപ്പോൾ കണ്ടു നിന്നവർ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

ഗൾഫിൽ കഴിയുന്ന ഭർതൃമതിയായ സ്ത്രീയ്ക്കു വേണ്ടിയാണ് നടു റോഡിൽ ഇരുവരും തമ്മിൽ തല്ലിയത്. വിദ്യാനഗർ കൊല്ലങ്കാന സ്വദേശിയായ സ്റ്റാനി റോഡ്രിഗസ് (40), തിരുവനന്തപുരം സ്വദേശിയായ സുഭാഷ് (35) എന്നിവരെയാണ് വിദ്യാനഗർ എസ്.ഐ. വിനോദ് കുമാർ അറസ്റ്റ് ചെയ്തത്. അതേസമയം ഗൾഫിലുള്ള തന്റെ ഭാര്യയ്ക്ക് വേണ്ടി രണ്ട് പുരുഷന്മാർ ഏറ്റു മുട്ടിയതിന്റെ കാരണം തേടുകയാണ് ഇതെല്ലാം അറിഞ്ഞ യുവതിയുടെ ഭർത്താവ്.

ഭർത്താവും കുട്ടികളുമുള്ള യുവതിയെച്ചൊല്ലിയായിരുന്നു തമ്മിൽത്തല്ല്. കൊല്ലങ്കാന സ്വദേശിനിയിൽ അവകാശവാദമുന്നയിച്ചു ചൊവ്വാഴ്ച രാത്രി 11 നു കൊല്ലങ്കാന റോഡിലാണ് സ്റ്റാനിയും സുഭാഷും ഏറ്റുമുട്ടിയത്. ഈ യുവതി തന്റെ ഭാര്യയാണെന്നു സ്റ്റാനി അവകാശപ്പെട്ടപ്പോൾ തന്റെ ഭാര്യയാണെന്നും അതിൽ മറ്റാർക്കും അവകാശമില്ലെന്നും സുഭാഷ് പ്രഖ്യാപിച്ചു. ഇതോടെ ഇരുവരും തമ്മിൽ ഉന്തുംതള്ളുമായി.

നടുറോഡിൽ രണ്ടു പേർ സംഘട്ടനത്തിലേർപ്പെടുന്നതു കണ്ടവർ പൊലീസിൽ വിവരമറിയിച്ചു. എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുതിച്ചെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. പൊതുസ്ഥലത്തു സംഘട്ടനത്തിലേർപ്പെട്ട് ശല്യമുണ്ടാക്കിയതിനാണ് കേസ്.