നേപ്പാളിന്റെ പുതിയ 'കുമാരി'യായി മൂന്നുവയസ്സുകാരി തൃഷ്ണ ശാക്യയെ തിരഞ്ഞെടുത്തു. നാലു നൂറ്റാണ്ടിലേറെയായി തുടരുന്ന വിശ്വാസ മനുസസരിച്ച്, രാജ്യത്തെ ജീവിച്ചിരിക്കുന്ന ദൈവമാണ് 'കുമാരി'. ബിജയ രത്‌നയുടെയും ശ്രീജന ശാക്യയുടെയും മകൾ ദൈവിക പദവിയിലേക്ക് ഉയർത്തപ്പെട്ടത് നിരവധി പരിശോധനകൾക്കും പരിഗണനകൾക്കും ശേഷമാണ്.

ശാക്യ വിഭാഗത്തിൽപ്പെട്ടവരെയാണ് ജീവിച്ചിരിക്കുന്ന ദൈവമാക്കാൻ പരിഗണിക്കുന്നത്. മൂന്നുപേർകൂടി രംഗത്തുണ്ടായിരുന്നുവെങ്കിലും അവരെയൊക്കെ പരാജയപ്പെടുത്തി തൃഷ്ണ ദേവിയായി മാറുകയായിരുന്നു. കുമാരിയെ അംഗീകരിക്കുന്ന സർക്കാർ സമിതിയുടെ ഉത്തരവിറങ്ങിയാൽ, തൃഷ്ണയെ രാജ്യത്തിന്റെ പ്രസിഡന്റ് ബിധ്യ ദേവി ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തും.

തുടർന്ന് തൃഷ്ണ ഔദ്യോഗിക വസതിയായ കുമാരി ഘറിലേക്ക് താമസം മാറും. ഋതുമതിയാകുന്നതുവരെയാണ് കുമാരിമാരുടെ കാലയളവ്. 12 തികഞ്ഞ മനിത ശാക്യക്ക് പകരമാണ് തൃഷണ ആ പദവിയിലെത്തിയത്. ശാക്യ സമുദായത്തിൽനിന്നുള്ള മതപണ്ഡിതർക്ക് പുറമെ, വിവിധ രംഗങ്ങളിലുള്ള വിദഗ്ദ്ധർ കൂടി ഉൾപ്പെട്ട സർക്കാർ സമിതിയാണ് കുമാരിയെ തിരഞ്ഞെടുക്കുന്നത്.

ശരീരത്തിൽ ദൈവികാംശം കുടികൊള്ളുന്ന കുട്ടിയെയാണ് കണ്ടെത്തേണ്ടത്. ശരീരത്തിൽ മറുകോ മറ്റു പാടുകളോ പാടില്ലെന്നതുൾപ്പെടെ, ഒട്ടേറെ കാര്യങ്ങൾ ഇതിന് പരിഗണിക്കുന്നുണ്ട്. ദസറയുടെ എട്ടാം രാത്രിയാണ് കുമാരിയെ തിരഞ്ഞെടുക്കുക. ഇന്ന് കുമാരിയായി അവർ വാഴിക്കപ്പെടും. തലേജു ഭവാനി ദേവിയെ വണങ്ങിയശേഷമാണ് കുമാരി പദവിയേറ്റെടുക്കുക. ഇതോടെ, തലേജു ഭവാനി ദേവിയുടെ ശക്തികൾ കുമാരിക്കും കിട്ടുമെന്നാണ് വിശ്വാസം.