റിയാദ്: ഫേസ്‌ബുക്ക് പേജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത മലയാളി സൗദിയിൽ ജയിലിലായി. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയാണ് ഒരു മാസമായി റിയാദ് മലസ് ജയിലിൽ കഴിയുന്നത്. ഇയാൾ സ്വന്തം ഫേസ്‌ബുക്ക് ഐഡിയിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീല വീഡിയോ അപ് ലോഡ് ചെയ്തതായി ഫേസ്‌ബുക്ക് തന്നെയാണ് റിപ്പോർട്ട് ചെയ്തത്.

തുടർന്ന് ഇയാളെ സൗദി പൊലീസ് അറസ്റ്റ് ചെയ്യുകയായികുന്നു. എന്നാൽ, ഇതു താൻ മനഃപൂർവം ചെയ്തതല്ലെന്നാണ് ഇയാൾ പറയുന്നത്. അതേസമയം, ഇയാളുടെ മൊബൈൽ ഫോണിൽ സ്വന്തം ഫേസ്‌ബുക്കിൽനിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.

അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യാൻ ഇയാൾ ഉപയോഗിച്ച ഫേസ്‌ബുക്ക് ഐഡി, ഇന്റർനെറ്റ് കണക്ഷൻ, മൊബൈൽ ഫോൺ എന്നിവ വഴിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളെ പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കാൻ സ്‌പോൺസർക്കാണ് നിർദ്ദേശം ലഭിച്ചത്. ഇതേ തുടർന്ന് സ്പോൺസറോടൊപ്പമാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. എന്നാൽ ഇയാളെ ചോദ്യം ചെയ്ത പൊലീസ് ജയിലിൽ അടച്ചു.

പൊതുജന പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും വൈകാതെ കേസ് കോടതിയിൽ വിചാരണയ്ക്കെത്തുമെന്നുമാണ് ശിഫ പൊലീസ് സ്റ്റേഷനിൽനിന്ന് വിവരം ലഭിതെന്ന് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി. ജീവകാരുണ്യ വിഭാഗം കൺവീനർ സിദ്ദീഖ് തുവ്വൂർ പറഞ്ഞു.