റോസി റീസിന്റെ യോഗ ക്ലാസ്സിൽ ചേരണമെങ്കിൽ രണ്ട് നിബന്ധനകളേയുള്ളൂ. പെണ്ണായിരിക്കണമെന്നതാണ് അതിലൊന്ന്. മറ്റൊന്ന് തുണിയുടുക്കാൻ പാടില്ലെന്നതും. തുണിയുടുക്കണമെന്ന് വാശിയുള്ളവർക്ക് റോസിടീച്ചറുടെ യോഗ ക്ലാസ്സിൽ പ്രവേശനമില്ല. ഓസ്‌ട്രേലിയയിലെ പെർത്തിലുള്ള റോസി റീസ്, രാജ്യത്ത് പലഭാഗത്തും യോഗ ക്ലാസ്സുകൾ നടത്തുന്നു. ഓരോ ക്ലാസ്സിലും 30 സ്ത്രീകൾക്കുവരെയാണ് പ്രവേശനം.

സമ്മർദമകറ്റാനും നിങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റാനും യോഗയ്ക്കാവുമെന്ന് റോസി പറയുന്നു. നഗ്നരാണെങ്കിൽ ഫലം ഇരട്ടിക്കുകയും ചെയ്തു. റോസിയുടെ നേക്കഡ് യോഗ ഇപ്പോൾ ഓസ്‌ട്രേലിയയിൽ പുതിയ ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്. തടിച്ചവരോ മെലിഞ്ഞവരോ ശരീരവലിപ്പം കൂടിയവരോ കുറഞ്ഞവരോ ആയിക്കോട്ടെ, നഗ്നരായി യോഗ ചെയ്യുന്നതോടെ, ശരീരത്തെക്കുറിച്ചുള്ള അപകർഷതകൾ ഇല്ലാകാത്തുമെന്നും അവർ പറയുന്നു.

തീർത്തും അപരിചിതരായവർക്കൊപ്പം നഗ്നരായി നിൽക്കുമ്പോൾ, മനസ്സ് ധൈര്യം ആർജിക്കുമെന്നും അത് സമ്മർദവും മറ്റ് പിരിമുറുക്കങ്ങളും ഇല്ലാതാക്കുമെന്നും റോസി പറയുന്നു. സ്വന്തം ത്വക്കിന്റെ സംരക്ഷണത്തിൽത്തന്നെ ഓരോരുത്തരും സുരക്ഷിതരാണെന്ന ബോധവും അത് നൽകുന്നുണ്ട്. നഗ്നയോഗ നല്ല ഉറക്കം നൽകുമെന്നും ലൈംഗിക ജീവിതം കൂടുതൽ ആനന്ദകരമാക്കുമെന്നും അവർ ഉറപ്പുപറയുന്നു.

തന്റെ ക്ലാസ്സിൽ പങ്കെടുക്കുന്നവർ അവരുടെ ലൈംഗികജീവിതം മുമ്പെന്നത്തേക്കാളും ആനന്ദകരമായി മാറുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതായി റോസി പറയുന്നു. പ്രസവിച്ച സ്ത്രീകൾക്കാണ് നഗ്നയോഗ കൂടുതൽ പ്രയോജനപ്പെടുന്നത്. പ്രസവത്തോടെ തന്റെ ശരീരത്തിന്റെ സൗന്ദര്യം നഷ്ടമായി എന്ന് കരുതുന്നവർക്ക് ഇത് കൂടുതൽ ആത്മവിശ്വാസം പകരുന്നു.

എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും 30-കാരിയായ റോസി യോഗ ക്ലാസ് നൽകുന്നുണ്ട്, 60-ഉം 70-ഉം വയസ്സുള്ള സ്ത്രീകൾ നഗ്നരായി യോഗ ചെയ്യുമ്പോൾ അവരുടെ ശരീരത്തിനുവന്ന പ്രായം മറന്നുകൊണ്ട് ആത്മവിശ്വാസത്തിന്റെ ലോകത്തേയ്ക്ക് കടക്കുകയാണ് അവരെന്ന് റോസി പറഞ്ഞു. നാലുമണിക്കൂറാണ് ക്ലാസ്സിന്റെ ദൈർഘ്യം. വസ്ത്രം ധരിച്ചെത്തിയശേഷം, റോസിയുടെ ആമുഖത്തിനുശേഷമാണ് വസ്ത്രങ്ങളുപേക്ഷിക്കുക. ഇതിനൊപ്പം റോസിയും സ്വയം നഗ്നയാകും.

91 ശതമാനം സ്ത്രീകളും സ്വന്തം ശരീരത്തെ വെറുക്കുന്നവരാണെന്ന് റോസി പറയുന്നു. മറ്റുള്ളവരുടെ സൗന്ദര്യം കാണുമ്പോൾ, തന്നോടുതന്നെ വെറുപ്പുതോന്നുന്നവരാണ് അതിലധികവും. അത്തരക്കാർക്ക്, യഥാർഥ സ്ത്രീശരീരമെന്തെന്ന് അറിയാനുള്ള അവസരം കൂടിയാണിത്. എന്തൊക്കെയാണ് സ്വന്തം ശരീരത്തിന്റെ മനോഹാരികളെന്ന് അവരെ മനസ്സിലാക്കാനും നഗ്നയോഗ സഹായിക്കുമെന്ന് റോസി പറയുന്നു. പോൺസിനിമകളിൽക്കാണുന്നതല്ല സ്ത്രീശരീരമെന്ന് മനസ്സിലാക്കാനും അവർക്കാകുന്നു.